പാര്‍ട്ടി ആസ്ഥാനത്ത്‌ കരിമരുന്ന് പ്രയോഗം നടത്തി വിജയം ആഘോഷിച്ചതിനെതിരെ ഹരീഷ് പേരടി

നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയാഘോഷമായി സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിമരുന്ന് പ്രയോഗം നടത്തിയ പാര്‍ട്ടി നടപടിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. 38460 രോഗികള്‍ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങള്‍ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ലെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

സഖാക്കള്‍ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു എന്നും അദ്ദേഹം കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ,

പാവപ്പെട്ട സഖാക്കള്‍ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു, പി.പി.ഇ കിറ്റ് അണിഞ്ഞ് ആംബുലന്‍സിന്റെ സമയത്തിന് കാത്തു നില്‍ക്കാതെ ബൈക്കില്‍ കൊണ്ടുപോയി ഒരു കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിച്ച രണ്ട് ഡി.വൈ.എഫ്.ഐ സഖാക്കളുടെ കമ്മ്യുണിസം എനിക്ക് 101% വും മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. 38460 രോഗികള്‍ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങള്‍ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല. ഒരു പാട് പേജുകള്‍ ഉള്ള തടിച്ച പുസ്തകങ്ങള്‍ വായിക്കാത്തതിന്റെ കുഴപ്പമാണ് ക്ഷമിക്കുക.