ഇവിടെ ദമ്പതിമാർക്ക് സൗജന്യമായി താമസിക്കാം, ഒപ്പം 88 ലക്ഷം രൂപ ശമ്പളവും

കൊറോണ വൈറസ് ലോകത്തെ മുഴുവൻ പിടിച്ചുകെട്ടിയപ്പോൾ പലർക്കും ജോലി നഷ്ടമായിരിക്കുകയാണ്. എവിടെയെങ്കിലും ഒരു ജോലി ഒപ്പിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. ഇപ്പോളിതാ ജോലി അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയാണ് ബഹമാസിലെ ഒരു സമ്പന്ന കുടുംബം ഓഫർ ചെയ്യുന്നത്.മനോഹരമായ ഒരു ദ്വീപിൽ മനസ്സിനിണങ്ങിയ ആൾക്കൊപ്പം താമസിക്കാം. അഞ്ചു പൈസ കൊടുക്കേണ്ട, പകരം പണം ഇങ്ങോട്ട് കിട്ടും. എങ്ങനെയുണ്ട് ഓഫർ? അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഡ്രൈവിങ് ലൈസൻസും യുഎസിൽ ജോലി ചെയ്യാനുള്ള നിയമപരമായ അവകാശവും ഉണ്ടായിരിക്കണമെന്ന് മാത്രം.

പോളോ ട്വീഡ് ആണ് പരസ്യം പങ്കുവെച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകന് സമ്പൂർണ്ണ ആരോഗ്യ പരിരക്ഷ, ഒരു കാർ, സ്വകാര്യ താമസസൗകര്യം എന്നിവ നൽകുമെന്ന് പരസ്യത്തിൽ പറയുന്നു. ഇതിനൊപ്പം പ്രതിവർഷം 88 ലക്ഷം രൂപ പ്രതിഫലം നൽകുമെന്നും പോളോ ആന്റ് ട്വീഡിൽ പറയുന്നു. തങ്ങളുടെ സ്വകാര്യദ്വീപ്‌ നോക്കി നടത്തുന്നതിനായാണ് രണ്ടു പേരെ ബഹാമാസിലുള്ള ഒരു സമ്പന്ന കുടുംബം തേടുന്നത്. യാത്ര ചെയ്യുന്ന ദമ്പതിമാർക്കാണ് മുൻഗണന നൽകുന്നത്.

എന്നാൽ വിചാരിക്കുന്നത്ര എളുപ്പമായിരിക്കില്ല ഇവിടുത്തെ ജോലി എന്നതാണ് പരമാർത്ഥം. ഫ്ലോറിഡയിലെ ഒരു വലിയ കൺട്രി എസ്റ്റേറ്റ്, മൂന്ന് വീടുകൾ, ഒൻപത് ബാത്ത്റൂമുകൾ, ബഹാമസ് എസ്റ്റേറ്റ് എന്നിവ നോക്കുന്ന ജോലിയാണ് ചെയ്യേണ്ടത്. ബഹാമസ് എസ്റ്റേറ്റിൽ നാല് കിടപ്പുമുറികളുള്ള വീതമുള്ള നാല് വീടുകളാണുള്ളത്. ഇതിനകം തന്നെ അറ്റകുറ്റപ്പണിക്കും, തോട്ടപ്പണിക്കും, പൂൾ മേൽനോട്ടത്തിനും ജീവനക്കാരെ നിയമിച്ച ഈ കുടുംബം, പരിചയസമ്പന്നരായ ഒരു ദമ്പതികളെ അവരുടെ വീടുകൾ നോക്കാൻ അന്വേഷിക്കുന്നു. ദിവസേന വീട് വൃത്തിയാക്കൽ, കിടക്കകൾ വിരിക്കൽ, കുളിമുറി വൃത്തിയാക്കൽ, അലക്കൽ, ഇസ്തിരിയിടൽ, സ്വത്തുക്കൾ പരിപാലിക്കൽ എന്നിവയാണ് ദമ്പതികളുടെ കടമകൾ. ഇത് കൂടാതെ എയർപോർട്ടിൽ നിന്ന് അതിഥികളെ സ്വീകരിക്കുക പോലുള്ള ദൈനംദിന ജോലികളും ഉൾപ്പെടും. പാചകം അറിഞ്ഞാൽ മുൻ​ഗണന ലഭിക്കും