ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ അധിഷേപിച്ച മലയാളി അധ്യാപകന് കിട്ടിയത് മുട്ടന്‍പണി

ഫേസ്ബുക് പോസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ മലയാളി അധ്യാപകന് ജോലി പോയി. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലുള്ള ഒരു സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന സിജു ജയരാജിനാണ് ജോലി നഷ്ടപ്പെട്ടത്. സാമൂഹികശാസ്ത്ര അധ്യാപകനായിരുന്നു സിജു ജയരാജ്.

സിജു ജയരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതാണ് എന്നായിരുന്നു പരാതി. ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സിജുവിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. സിജു പോസ്റ്റ് ചെയ്ത ചിത്രം വൈറലായതോടെ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ കേസ് നല്‍കി. പോലീസ് കേസ് അന്വേഷിക്കുന്നതിനിടെയാണ് ജോലി ചെയ്തിരുന്ന സ്‌കൂള്‍ മാനേജ്‌മെന്റ് സിജുവിനെ പുറത്താക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍, പ്രധാനമന്ത്രിയോട് തനിക്കെന്നും ബഹുമാനമാണെന്നും ഒരിക്കലും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹത്തോട് എന്നും ആദരവ് മാത്രമേയുള്ളൂവെന്നും സിജു ജയരാജ് പിന്നീട് പോസ്റ്റ് ചെയ്തു. രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഞാന്‍ ഫേസ് ബൂക്കിലൂടെ ഇടുമായിരുന്നെങ്കിലും എന്റെ രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിയെ വ്യക്തിഹത്യ ചെയ്യാന്‍ മനസ്സ് കൊണ്ട് പോലും തുനിഞ്ഞിട്ടില്ല.