റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി, ഇന്ത്യന്‍ എംബസി താല്‍ക്കാലിക യാത്ര രേഖ നല്‍കിയതോടെയാണ് മടക്കം സാധ്യമായത്

ന്യൂഡല്‍ഹി. റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് ഇന്ത്യയിൽ തിരിച്ചെത്തി. പൂവാർ പൊഴിയിൽ കല്ലി സ്വദേശി ഡേവിഡ് മൂപ്പനാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇന്ത്യന്‍ എംബസി താല്‍ക്കാലിക യാത്ര രേഖ നല്‍കിയതോടെയാണ് മടക്കം സാധ്യമായത്. ഡേവിഡിന് റഷ്യ യുക്രെയ്ന്‍ യുദ്ധത്തില്‍ പരിക്കേറ്റിരുന്നു.

വ്യാജ റിക്രൂട്ട് ഏജന്‍സിയുടെ ചതിയില്‍ പെട്ടാണ് ഡേവിഡ് റഷ്യയിലെത്തിയത്. രണ്ട് ദിവസത്തിന് ശേഷം ഡേവിഡിനെ കേരളത്തില്‍ എത്തിക്കുമെന്ന് സിബിഐ അറിയിച്ചു. മോസ്‌കോയിലെ ഒരു പള്ളി വികാരിയുടെ സംരക്ഷണയിലാണ് ഡേവിഡ് കഴിഞ്ഞിരുന്നത്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ സെക്യൂരിറ്റ് ജോലി വാഗ്ദാനം ചെയ്താണ് കഴിഞ്ഞ ഒക്ടോബറില്‍ ഒണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഡല്‍ഹിയിലെ ഏജന്റ് മൂന്നരലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഡേവിഡിനെ റഷ്യയില്‍ എത്തിച്ചത്. റഷ്യന്‍ പൗരത്വമുള്ള മലയാളിയായ അലക്‌സാണ് വിമാനത്താവളത്തില്‍ നിന്നും ഡേവിഡിനെ പട്ടാള ക്യാംപില്‍ എത്തിച്ചത്.