തന്നെയും മകനെയും ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു; ഭാര്യയ്ക്കും കുടുംബത്തിനും എതിരെ പരാതി നല്‍കി യുവാവ്

ചണ്ഡീഗഢ്: തന്നെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും ഇസ്ലാം മതം സ്വീകരിക്കാന്‍ ഭാര്യയും ഭാര്യയുടെ കുടുംബവും നിര്‍ബന്ധിക്കുന്നു എന്ന പരാതിയുമായി സിഖ് യുവാവ്. 36 കാരന്‍ നല്‍കിയ പരാതിയില്‍ ജൂലായ് 20ന് കേസ് പരിഗണിക്കുമ്ബോള്‍ ഹാജരാകണമെന്ന് കാണിച്ച്‌ ഭാര്യയ്ക്കും കുടുംബത്തിനും കോടതി നോട്ടീസ് അയച്ചു. അഭിഭാഷകന്‍ ദീക്ഷിത് അറോറ മുഖേന സമര്‍പ്പിച്ച സിവില്‍ സ്യൂട്ടില്‍, താന്‍ സിഖുകാരനാണെന്നും ഭാര്യയും കുടുംബവും മുസ്ലീം മത വിശ്വാസികളാണെന്നും ഇയാള്‍ പറയുന്നു.

2008ല്‍ ചണ്ഡീ​ഗഢിലെ ഒരു ജുവലറിയില്‍ സ്റ്റോര്‍ മാനേജറായി ജോലിചെയ്യുന്നതിനിടെയാണ് യുവാവ് അവിടെ സെയില്‍സ് ​ഗേള്‍ ആയി ജോലിചെയ്തിരുന്ന യുവതിമായി പരിചയത്തിലായത്. ഇരുവരും സുഹൃത്തുക്കളായതിനു പിന്നാലെ യുവതി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇരുവരും രണ്ടു മതത്തില്‍ പെട്ടവരായതിനാല്‍ യുവാവ് ആദ്യം ഈ നിര്‍ദ്ദേശം നിരസിച്ചു. എന്നാല്‍, തന്റെ മതവികാരങ്ങളിലും മൂല്യങ്ങളിലും ഒരിക്കലും ഒരു തടസം സൃഷ്ടിക്കില്ലെന്ന് അവര്‍ ഉറപ്പുനല്‍കിയതോടെ 2008 ല്‍ തന്നെ അമൃത്സറില്‍ സിഖ് ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച്‌ ഇരുവരും വിവാഹിതരായി.

വിവാഹത്തിനു പിന്നാലെ വാക്ക് തെറ്റിച്ച ഭാര്യയും കുടുംബവും ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് 2008 മുതല്‍ 2011 വരെ നാടുവിട്ട് ഡല്‍ഹിയിലാണ് യുവാവ് താമസിച്ചത്. പിന്നീട് പഞ്ചാബിലേക്ക് മടങ്ങിയെത്തി നാല് വര്‍ഷത്തോളം അമൃത്‌സറില്‍ താമസിച്ചു. 2012 ല്‍ ഭാര്യ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. കുട്ടിയെ ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കാന്‍ ഭാര്യാ കുടുംബം ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

ഭാര്യയുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ച്‌ യുവാവ് 2016 ല്‍ ചണ്ഡിഗഢിലേക്ക് മാറി. അതിനുശേഷം, വിവാഹജീവിതത്തില്‍ ഭാര്യയുടെ കുടുംബത്തിന്റെ സജീവമായ ഇടപെടല്‍ ഉണ്ടായിരുന്നു. ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ഭാര്യയെ പ്രേരിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഭാര്യ തന്നെ ഇസ്ലാം മതത്തിലേക്ക്‌ മാറാന്‍ നിര്‍ബന്ധിക്കുന്നത്. തന്നെ പലപ്പോഴും ഭാര്യാ കുടുംബം അപമാനിച്ചതായും യുവാവ് പറയുന്നു.