കാമുകി പ്രണയ ബന്ധത്തിൽ നിന്നും പിന്മാറി; പുഴയിൽ ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് വിവാഹിതനായ യുവാവ്

ഇടുക്കി: പ്രണയ ബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതിനെ തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് വിവാഹിതനായ യുവാവ്. ഇടുക്കി തൊടുപുഴയിലാണ് സംഭവം. കോലാനി സ്വദേശി മാത്യു ജോർജ് ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. പുഴയിൽ ചാടിയ ഇയാളെ അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

മാത്യുവിന് ഭാര്യയും ഒരു വയസ്സുള്ള കുട്ടിയും ഉണ്ടെന്ന സത്യം അറിഞ്ഞതോടെയാണ് പ്രണയ ബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറിയത്. ഇക്കാര്യം മറച്ചുവെച്ചാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. എന്നാൽ ഇക്കാര്യം പെൺകുട്ടി അറിയുകയും, ബന്ധത്തിൽ നിന്നും പിന്മാറുകയും ചെയ്തു. തുടർന്നായിരുന്നു നാടകീയരംഗങ്ങൾ അരങ്ങേറിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാത്യുവിനൊപ്പമാണ് നെടുങ്കണ്ടം സ്വദേശിനിയുടെ താമസം. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്ന് ഇരുവരെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇന്ന് ഇരുവരും സ്റ്റേഷനിൽ ഹാരജായി. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യയും കുഞ്ഞുമുള്ള വിവരം മാത്യു വെളിപ്പെടുത്തിയത്. ഇതോടെ ബന്ധത്തിൽ നിന്നും പിന്മാറുകയാണെന്ന് പെൺകുട്ടി അറിയിച്ചു.

കാമുകനെ ഉപേക്ഷിച്ച് വീട്ടുകാർക്കൊപ്പം പോകാനാണ് താത്പര്യമെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെ പോലീസ് സ്‌റ്റേഷന് സമീപമുള്ള പുഴയിലേക്ക് ഇയാൾ എടുത്ത് ചാടി അതഹത്യക്ക് ശ്രമിക്കുകയായിരുന്നു.