1.15 കോടി വില വരുന്ന പുത്തൻ റേഞ്ച് റോവർ സ്വന്തമാക്കി മോഹൻലാൽ

പുതിയ വാഹനം സ്വന്തമാക്കി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ. ഇനി താരത്തിന്റെ യാത്രകൾ പുതിയ റേഞ്ച് റോവർ കാറിലായിരിക്കും. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി 4.4 v8 ആണ് താരം സ്വന്തമാക്കിയത്. ഭാര്യ സുചിത്രയ്ക്കും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പമാണ് മോഹൻലാൽ വാഹനം സ്വീകരിക്കാനെത്തിയത്. കൊച്ചിയിലെ ഷോറൂമിൽ നിന്നാണ് വാഹനം ഏറ്റുവാങ്ങിയത്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഇതേ ഷോറൂമിൽ നിന്ന് റേഞ്ച് റോവർ വാങ്ങിയിരുന്നു .

ടൊയോട്ടയുടെ വെൽഫയർ ആയിരുന്നു മോഹൻലാൽ സ്ഥിരം യാത്രകൾക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനം. 1.15 കോടി ആണ് ഇതിൻറെ വില. 2020 ൻറെ തുടക്കത്തിലാണ് മോഹൻലാൽ വെൽഫയർ വാങ്ങിയത്. വെൽഫയറിന് പുറമെ, ലംബോർഗിനി ഉറുസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് ക്ലാസ് തുടങ്ങിയ ചില ആഡംബര കാറുകളുടെ ഉടമയാണ് മോഹൻലാൽ.

അതേസമയം മലൈക്കോട്ടൈ വാലിബൻ ആണ് മോഹൻലാൽ നായകനാവുന്ന അടുത്ത ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൻറെ പ്രധാന ഷെഡ്യൂൾ രാജസ്ഥാനിൽ ആയിരുന്നു. 77 ദിവസം നീണ്ട രാജസ്ഥാൻ ഷെഡ്യൂൾ ഏപ്രിൽ 4 ന് ആണ് അവസാനിച്ചത്. ചിത്രത്തിന് ചെന്നൈയിൽ ഒരു ഷെഡ്യൂൾ കൂടി ഉണ്ട്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.