ആർ.എസ്.എസ്. പ്രവർത്തകൻ മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ അഡ്വ.പി.പ്രേമരാജൻ സ്പെഷൽ പ്രോസിക്യൂട്ടർ

18 വർഷം മുൻപ് കൊല്ലപ്പെട്ട മുഴപ്പിലങ്ങാട്ടെ ബി.ജെ.പി, ആർ.എസ്.എസ്. പ്രവർത്തകൻ എളമ്പിലായി സൂരജ് (32) വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി ജില്ലയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. പി.പ്രേമരാജൻ സ്പെഷൽ പ്രോസിക്യൂട്ടറായി വാദിക്കും

രാഷ്ട്രീയ വൈരാഗ്യം മൂലവും സി.പി.എം പ്രവർത്തകർ ബിജെപിയിലേക്ക് പോകുന്നതും മൂലം പകപോക്കലിനായി നടത്തിയ കൊലപാതകമായിരുന്നു ഇത്. 2005 ആഗസ്റ്റ് 7 ന് രാവിലെ 8.40 ഓടെ ഓട്ടോ റിക്ഷയിലെത്തിയ ഒരു സംഘം അക്രമികൾ രാഷ്ട്രീയ വിരോധത്താൽ  സൂരജിനെ  ബോംബെറിഞ്ഞ് ആക്രമിച്ചു വെട്ടിക്കൊലപ്പെടുത്തി.സി.പി.എം.നേതാക്കളും പ്രവർത്തകരും അനുഭാവികളും ഉൾപെടെ 12 പേരാണ് കുറ്റാരോപിതർ..

മുമ്പ് പോലീസ് പിടികൂടിയ പ്രതികൾ സി പി എം പാർട്ടിക്കായി കുറ്റം ഏറ്റെടുത്തവർ ആയിരുന്നു എന്ന് ബോധ്യമായിരുന്നു. തുടർന്ന് കേസ് പുനരന്വേഷിച്ചു. യഥാർഥ പ്രതികളിലേക്ക് എത്തുകയായിരുന്നു.

സി.പി.എം.നേതാക്കളും പ്രവർത്തകരും അനുഭാവികളും ആയ മുഴപ്പിലങ്ങാട്ടെ പി.കെ.ഷംസുദീൻ, പത്തായക്കുന്നിലെ ടി.കെ.രജീഷ്, കോമത്ത് പാറയിലെ എൻ.വി. യോഗേഷ്, അരങ്ങേറ്റു പറമ്പിലെ കെ.ഷംജിത്ത്,നരവൂരിലെ പി.എം.മനോരാജ്, മുഴപ്പിലങ്ങാട്ടെ എൻ.സജീവൻ, പ്രഭാകരൻ മാസ്റ്റർ, കെ.വി. പത്മനാഭൻ, എം.രാധാകൃഷ്ണൻ, എൻ.കെ.പ്രകാശൻ, പുതിയ പുരയിൽ പ്രദീപൻ, മുണ്ടലൂരിലെ ടി.പി. രവീന്ദ്രൻ, എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

എളമ്പിലായി സൂരജ് (32) വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ച അഡ്വ. പി.പ്രേമരാജൻ കണ്ണൂരിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനുമാണ്‌.

സൂരജ് കേസിൽ പ്രേമരാജനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് സൂരജിന്റെ അമ്മ സതി ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഹരജിയിൽ എത്രയും വേഗം തീരുമാനമെടുക്കാൻ നീതി പീഠം സർക്കാരിന് നിർദ്ദേശവും നൽകി. ഇതേ തുടർന്നാണ് അഡ്വക്കറ്റ് പ്രേമരാജനെ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ജാ പനം പുറത്ത് വന്നു.