ചികിത്സ കഴിഞ്ഞുള്ള തുക ഏറ്റവും അര്‍ഹിക്കുന്ന കരങ്ങളില്‍ തന്നെ എത്തിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് തന്ന വാക്ക് ഒന്നൊന്നായി പാലിക്കുകയാണ്, നന്ദു പറയുന്നു

കാന്‍സറിനെതിരെ പോരാടുന്ന വ്യക്തിയാണ് നന്ദു മഹാദേവ.കാന്‍സര്‍ എന്ന മഹാമാരി ശരീരത്തിന്റെ പല ഭാഗങ്ങളില്‍ പിടിമുറുക്കിയപ്പോഴും നിവര്‍ന്ന് നിന്ന് അതിനെതിരെ പോരാടുകയാണ് നന്ദു ചെയ്തത്.കാന്‍സറിനെ തുടര്‍ന്ന് ഒരു കാല്‍ നന്ദുവിന് നഷ്ടപ്പെട്ടു.കാന്‍സര്‍ ബാധിച്ച് ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും നന്ദു പ്രവര്‍ത്തിക്കുന്നുണ്ട്.അടുത്തിടെ ആദ്യമായി സഹായം തേടി നന്ദു ഫേസ്ബുക്കില്‍ എത്തിയിരുന്നു.ഒരു ദിവസം കൊണ്ട് ലക്ഷക്കണക്കിന് പണം ലഭിക്കുകയും ചെയ്തു.തന്റെ ചികിത്സക്ക് ശേഷം ബാക്കിയായ പണം അര്‍ഹതപെട്ടവരുടെ ചികിത്സക്ക് മുടക്കുകയാണ് നന്ദു.ഇത്തരത്തില്‍ ചികിത്സ ലഭിച്ച ഒരാളുടെ വിവരം പറയുകയാണ് നന്ദു.

നന്ദുവിന്റെ കുറിപ്പ്,ചങ്കുകളേ.അവനിന്നു മുതല്‍ നടന്നു തുടങ്ങുകയാണ്..!സന്തോഷം കൊണ്ട് എന്റെയും രണ്ടു കണ്ണുകളും നിറയുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം പരസഹായമോ ക്രച്ചസോ ഇല്ലാതെ നിവര്‍ന്ന് നിന്നപ്പോള്‍ അന്ന് ഞാനനുഭവിച്ച സന്തോഷം അവനും ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ടാകും.ഞാനിതിന് എന്റെ പ്രിയപ്പെട്ടവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.കാരണം അവനിന്ന് നടക്കുന്നതിന് ഒരേ ഒരു കാരണം നിങ്ങളോരോരുത്തരും ആണ്.ഇനി മുന്നോട്ട് ഓരോ ചുവടു വയ്ക്കുമ്പോഴും സഹായിച്ച ഓരോരുത്തര്‍ക്കും നന്മകളുണ്ടാകാന്‍ വേണ്ടി ഞങ്ങള്‍ കൃതജ്ഞതയോടെ പ്രാര്‍ത്ഥിയ്ക്കും.അപ്പോള്‍ എന്റെ പ്രിയപ്പെട്ടവര്‍ ഓരോരുത്തരും ഞങ്ങളെ ചൂണ്ടി അഭിമാനത്തോടെ പറയണം അവരെ കൈപിടിച്ചു നടത്തിയത് ഞങ്ങളും കൂടി ചേര്‍ന്നാണ് എന്ന്.

ഇതൊരു തുടക്കം മാത്രമാണ്, വിധിയുടെ ക്രൂരതകള്‍ക്ക് മുന്നില്‍ നിസ്സഹായരായി പോയ എത്രയോ സഹോദരങ്ങളെ നമുക്ക് ജീവിതത്തിലേക്ക് ചുവടു വയ്പ്പിക്കേണ്ടതുണ്ട്.എന്റെ ചങ്കുകള്‍ നിങ്ങളോരോരുത്തരും ആണ് എന്ത് കാര്യത്തിനും എന്റെ ഊര്‍ജ്ജം.ചികിത്സ കഴിഞ്ഞുള്ള തുക ഏറ്റവും അര്‍ഹിക്കുന്ന കരങ്ങളില്‍ തന്നെ എത്തിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് തന്ന വാക്ക് ഒന്നൊന്നായി പാലിക്കുകയാണ്.അതിന്റെ ചാരിതാര്‍ഥ്യവും ഉണ്ട്.മനസ്സില്‍ നന്മയുള്ള,സ്‌നേഹിക്കാനും മറ്റുള്ളവരെ സഹായിക്കാനും മാത്രമറിയുന്ന ഒരു കൂട്ടം മനുഷ്യര്‍ ശക്തമായി എന്നെ ചേര്‍ന്നു നില്‍ക്കുന്നത് ഞാനറിയുന്നു,എത്ര മനോഹരമാണ് ഈ സൗഹൃദക്കൂട്ടായ്മ..നമ്മുടെ ഒരുമിച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒത്തിരി യുവാക്കളെ സ്വാധീനിക്കട്ടെ,സഹജീവികളെ സഹായിക്കുന്ന ഒരു സംസ്‌കാരം ഇവിടെ ശക്തി പ്രാപിയ്ക്കട്ടെ..ഈ ഭൂമിയില്‍ ചുവടുറപ്പിച്ചു ജീവിതത്തില്‍ മുന്നേറാന്‍ തയ്യാറെടുക്കുന്ന ഈ സഹോദരന് വേണ്ടിയും എന്റെ ഹൃദയങ്ങള്‍ പ്രാര്‍ത്ഥിയ്ക്കണം.സ്‌നേഹപൂര്‍വ്വം നിങ്ങളുടെ സ്വന്തം നന്ദു NB:എല്ലാ കാര്യങ്ങളും വേഗത്തില്‍ ശരിയാക്കിയ ഓട്ടോബോക്ക് ശ്രീകാര്യം ഓഫിസിനും നന്ദി..ഒപ്പം ഷൈജു ചേട്ടനും