കൊച്ചിയിലെ മാലിന്യകൂമ്പാരത്തില്‍ ദേശീയ പതാക; സല്യൂട്ട് നല്‍കി തിരിച്ചെടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍

മാലിന്യ കൂമ്പരാത്തില്‍ കിടന്ന ദേശീയ പതാകയ്ക്ക് സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ സല്യൂട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സിവില്‍ പോലീസ് ഓഫിസര്‍ ടികെ അമലാണ് മാലിന്യത്തില്‍ കിടന്ന ദേശീയ പതാകയെ ആദരിച്ചത്. പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് ഡിസിപിയും മേജര്‍ രവിയുള്‍പ്പെടെയുള്ള നിരവധിയാളുകളാണ് എത്തിയത്.

ചൊവ്വാഴ്ച കൊച്ചി ഇരുമ്പനത്തിന് സമീപമാണ് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെതിനെ തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. മാലിന്യത്തില്‍ ദേശീയ പതാകകള്‍ക്കൊപ്പം കോസ്റ്റ് ഗാര്‍ഡിന്റെ പതാകകളും ഉണ്ടായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ലൈഫ് ജാക്കറ്റും ഇതില്‍ നിന്ന് കണ്ടെത്തി.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് ജീപ്പില്‍ നിന്നും അമല്‍ ഇറങ്ങിവന്ന് ദേശീയ പതാകയെ സല്യൂട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അമല്‍ തന്നെ പതാകകള്‍ മടക്കി കയ്യിലെടുത്തു. കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ എത്തിയിട്ട് എടുക്കാം എന്ന് വീഡിയോയില്‍ ആരോ പറയുന്നതെ കേള്‍ക്കാം. എന്നാല്‍ മാലിന്യത്തില്‍ ദേശീയ പതാക ഇടുന്നത് ശരിയല്ലെന്ന് പറഞ്ഞ് അമല്‍ പതാകകള്‍ മടക്കിയെടുക്കുകയായിരുന്നു.