ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉപഗ്രഹ അധിഷ്ഠിത ടോൾ സംവിധാനം നടപ്പാക്കുമെന്ന് നിതിൻ ഗഡ്കരി

ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കും. പകരം വാഹനങ്ങളില്‍ നിന്നും ഉപഗ്രഹങ്ങളുടെ സഹായത്തോടെ ടോള്‍ പിരിക്കും. വാഹനം ഓടിക്കുമ്പോള്‍ തന്നെ ടോള്‍ ഈടാക്കും. വാഹനങ്ങള്‍ ടോള്‍ ബൂത്തില്‍ നിര്‍ത്തുന്നതുവഴിയുള്ള സമയ നഷ്ടം ഒഴിവാക്കാന്‍ സാധിക്കും.

ദേശീയ പാതകളില്‍ വാഹനം സഞ്ചരിക്കുന്ന ഭാഗത്തിന് മാത്രമുള്ള ടോള്‍ നല്‍കിയാല്‍ മതി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഞങ്ങള്‍ ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ആരംഭിക്കും. ടോള്‍ ബൂത്തുകളും സ്‌റ്റോപ്പുകളും ഉണ്ടാകില്ല. ടോള്‍ റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് നിന്നും പുറത്തുകടക്കുന്നിടത്ത് നിന്നും നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോ എടുക്കും.

തുടര്‍ന്ന് ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം സ്വയമേവ കുറയും. ഉപയോക്താവ് യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രം പണം നല്‍കിയാല്‍ മതി. പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് പദ്ധതിക്ക് തുടക്കം കുറിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു.