രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്ന ആരോപണം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആയിഷ സുല്‍ത്താനയ്ക്ക് നോട്ടിസ്

രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ലക്ഷദ്വീപ് സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് നോട്ടിസ്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ‘ബയോ വെപ്പണ്‍’ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് ഐഷയ്ക്കെതിരെ കേസെടുത്തത്. ഈ മാസം 20ന് കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം.

ക്രിമിനല്‍ നടപടി ചട്ടത്തിലെ അറസ്റ്റ് നിര്‍ബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടിസ് കവരത്തി പൊലീസ് ആയിഷ സുല്‍ത്താനയ്ക്ക് നല്‍കി. വിഷയത്തില്‍ ആയിഷ സുല്‍ത്താനയെ അനുകൂലിച്ചും എതിര്‍ത്തും വിവിധ സംഘടനകള്‍ രംഗത്തെത്തി. ലക്ഷദ്വീപ് എംപിയും ബിജെപി ഇതര സംഘടനകളും ആയിഷയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ ആയിഷ സുല്‍ത്താനയ്ക്കെതിരെ ബിജെപി ലക്ഷദ്വീപ് ഘടകം പ്രതിഷേധിച്ചു. ലക്ഷദ്വീപ് സേവ് ഫോറത്തിന്റെ പേരിലാണ് പ്രതിഷേധം. ബിജെപി പ്രവര്‍ത്തകരുടെ വീടുകളിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെതിരെ നടത്തിയ പരാമര്‍ശത്തിലാണ് നടപടി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ ബയോവെപ്പണ്‍ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി പരാതി നല്‍കിയത്. താന്‍ പ്രഫുല്‍ കെ പട്ടേലിനെ ഉദ്ദേശിച്ചാണ് പരാമര്‍ശം നടത്തിയതെന്നും രാജ്യത്തെയോ സര്‍ക്കാരിനെയോ ഉദ്ദേശിച്ചിട്ടില്ലെന്നും ഐഷ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.