ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ചീത്തപ്പേര് പോകില്ല, എന്‍.എസ് മാധവന്‍

നടിക്ക് പിന്തുണ പോസ്റ്റിട്ട നടന്മാരായ മമ്മൂയെയും മോഹന്‍ലാലിനെയും പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടിട്ടും കാര്യമില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘എ.എം.എം.എയില്‍ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോകില്ല’ എന്നായിരുന്നു എന്‍.എസ് മാധവന്റെ ട്വീറ്റ്.

മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവിടാത്ത നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. ജസ്റ്റിസ് ഹേമ കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതിനെയും എന്‍.എസ് മാധവന്‍ നിശിതമായി വിമര്‍ശിച്ചു. ഒരു ഇടതുപക്ഷ സർക്കാർ ഇരകൾക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാസ്റ്റിങ്-കൗച്ചർമാരെയും മറ്റു കൊള്ളക്കാരെയും സംരക്ഷിക്കുക എന്നത് സർക്കാരിന്‍റെ ജോലിയല്ലെന്നും എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ പറഞ്ഞു.

നേരത്തെ അതിജീവനത്തെക്കുറിച്ച് നടി പങ്കുവച്ച കുറിപ്പ് വലിയ ശ്രദ്ധ നേടിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് പിന്തുണയറിയിച്ചെത്തിത്. യുവതാരങ്ങള്‍ അതിജീവിതയുടെ പോസ്റ്റ് സമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. രാത്രിയോടെ മമ്മൂട്ടിയും മോഹന്‍ലാലും അതിജീവിതക്ക് പിന്തുണയറിച്ച് എത്തുകയായിരുന്നു. മലയാള സിനിമയിലെ എല്ലാ പ്രമുഖ, യുവതാരങ്ങളും നടിക്ക് പിന്തുണയറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. എങ്കിലും പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എഎംഎംഎയില്‍ നിന്ന് കേസിലെ പ്രതിയായ ദിലീപിനെ പുറത്താക്കാന്‍ ഭാരവാഹികള്‍ തയ്യാറാവണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.