ആഗോള സാമ്പത്തിക ശക്തികളുടെ ആശങ്കയ്ക്ക് വിരാമം; സൗദി അറേബ്യയ്ക്കും ഇറാനും ഒരേ നിലപാട്

റിയാദ്/തെഹ്‌റാന്‍: ആഗോള സാമ്പത്തിക ശക്തികളുടെ ആശങ്കയ്ക്ക് വിരാമം. സൗദി അറേബ്യയും ഇറാനും ഒരേ നിലപാട് സ്വീകരിച്ചു. ഇനി എണ്ണ ഉല്‍പ്പാദനം അടുത്ത മാസം മുതല്‍ ഉയര്‍ത്തും. അമേരിക്കയും ചൈനയും ഇന്ത്യയും എണ്ണ ഉല്‍പ്പാദനം കൂട്ടണമെന്ന് സൗദിയോടും ഇറാനോടും ആവശ്യപ്പെട്ടിരുന്നു. ഭിന്നസ്വരമാണ് ഇരുരാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നത്.

എന്നാല്‍ ഒടുവില്‍, വിയന്നയിലെ ഒപെക് യോഗത്തിന് തൊട്ടുമുമ്പ് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇറാന്‍ നിലപാട് മാറ്റി. സൗദി നടത്തിയ നീക്കമാണ് ഇറാനെ വരുതിയിലാക്കിയത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. എണ്ണ വില വന്‍ തോതില്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ആഗോള തലത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. എണ്ണവില ക്രമാതീതമായി ഉയര്‍ന്നു. അവശ്യസാധനങ്ങളുടെ വിലയും വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ എണ്ണ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നു.

അമേരിക്ക, ചൈന, ഇന്ത്യ എന്നീ പ്രധാന രാജ്യങ്ങളെല്ലാം ഉല്‍പ്പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടു. ലോകത്തെ പ്രധാന എണ്ണ ഉപഭോക്തൃരാജ്യങ്ങളാണിവ. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞദിവസം ചേര്‍ന്ന വിയന്ന യോഗം വിശദമായ ചര്‍ച്ച നടത്തിയത്. അപ്പോഴുണ്ടായ തടസം പ്രധാന ഒപെക് രാജ്യങ്ങളിലെ ഭിന്നതയായിരുന്നു.അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സൗദി തീരുമാനിച്ചിരുന്നു. കാരണം സൗദി ഉല്‍പ്പാദനം കുറച്ചതു മൂലമാണ് വില കുത്തനെ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സൗദിയോടും ഒപെക് രാജ്യങ്ങളോടും ഉല്‍പ്പാദനം വര്‍ധിപ്പിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടത്.

അമേരിക്ക ആവശ്യപ്പെട്ടതുകൊണ്ടുതന്നെ ഇറാന്‍ എതിര്‍നിലപാട് സ്വീകരിച്ചു. ഇറാനെതിരെ അമേരിക്ക ഉപരോധഭീഷണി മുഴക്കിയിട്ടുണ്ട്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുകയും ചെയ്തു. ഇതോടെയാണ് വിപണയില്‍ ആശങ്ക വര്‍ധിച്ചത്. ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഒപെകിലെ മൂന്നാം രാജ്യമാണ് ഇറാന്‍.ഇറാന്റെ എണ്ണ ഇനി വിപണിയില്‍ എത്തില്ലേ എന്നാണ് ആശങ്ക. ഇറാന്‍ എണ്ണ മൂന്നിലൊന്നായി ചുരുങ്ങാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് വില ഒന്നുകൂടി വര്‍ധിച്ചത്. എന്നാല്‍ പ്രതിസന്ധി നേരിട്ടത് ചൈനയ്ക്കും ഇന്ത്യയ്ക്കുമാണ്. ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നു ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. ഉല്‍പ്പാദനം കൂട്ടിയതുകൊണ്ട് ഇറാന് വലിയ ലാഭവുമില്ല. സൗദിക്കാണ് മെച്ചം.

ഇറാനും വെനസ്വേലയ്ക്കുമെതിരെ അമേരിക്ക സ്വീകരിച്ച നടപടിയാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്നും അവര്‍ ആവശ്യപ്പെടുമ്പോള്‍ ഉല്‍പ്പാദനം കൂട്ടാന്‍ സാധിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ യോഗത്തിന് തൊട്ടുമുമ്പ് ഇറാന്‍ എണ്ണ വകുപ്പ് മന്ത്രി ബിജാന്‍ സാങ്കനിയെ സൗദി മന്ത്രി ഖാലിദ് അല്‍ ഫാലിഹ് കാര്യങ്ങള്‍ പറഞ്ഞു വിശ്വസിപ്പിച്ചതോടെയാണ് ഇറാന്‍ നിലപാട് മയപ്പെടുത്തിയത്.