പീഡന പരാതി ഒതുക്കിത്തീര്‍ത്ത കേസ്; എ.കെ ശശീന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് എന്‍.സി.പി കേന്ദ്ര നേതൃത്വം

ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് എന്‍.സി.പി കേന്ദ്ര നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ ശരദ് പവാറുമായി സംസാരിച്ചു. വിവാദങ്ങള്‍ ഗൗരവമായി എടുക്കേണ്ടെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കിയത്. എ.കെ ശശീന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കി.

മന്ത്രിക്ക് അനുകൂലമായി മുഖ്യമന്ത്രി നിലപാടെടുത്തതില്‍ നിരാശയുണ്ട്. കുറ്റാരോപിതനായ മന്ത്രിക്കൊപ്പം മുഖ്യമന്ത്രി നിലകൊള്ളുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പരാതിക്കാരി പറഞ്ഞു. കൂടാതെ മന്ത്രിക്കെതിരെ കേസെടുക്കാന്‍ കഴിയുമോ എന്നതില്‍ പൊലീസ് നിയമോപദേശം തേടി.

സ്ത്രീപീഡന കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടെന്ന പരാതിയിലാണ് നിയമോപദേശം തേടിയത്. എന്നാല്‍, കുറ്റകൃത്യമുണ്ടായെന്ന് കരുതാനാവില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം. ഈ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ കേസെടുത്തേക്കില്ല.