പിറവം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി ഓര്‍ത്തഡോക്‌സ് സഭ; റോഡില്‍ കുര്‍ബാനയുമായി യാക്കോബായ വിഭാഗം

പിറവം : പിറവം സെയിന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തോഡോക്സ് വിഭാഗം പ്രാര്‍ത്ഥന നടത്തി സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കി. പള്ളിയില്‍ കുര്‍ബാന നടത്താനായി ഓര്‍ത്തോഡോക്സ് വിഭാഗക്കാര്‍ക്ക് ഹൈക്കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു.

അക്രമസംഭവങ്ങളൊന്നും നടക്കാതെ ഓര്‍ത്തോഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുകയും ഓര്‍ത്തോഡോക്സ് വൈദികന്റെ കാര്‍മികത്വത്തില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. യാക്കോബായ വിഭാഗക്കാര്‍ റോഡില്‍ ഇരുന്നാണ് പ്രാര്‍ത്ഥന നടത്തി പ്രതിഷേധിച്ചത്.

പള്ളിയുടെ പരിസരത്ത് വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ഇടവകാംഗങ്ങള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാമെങ്കിലും പ്രശ്നമുണ്ടാക്കിയാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസിന് ഹൈക്കോടതി നല്‍കിയ ഉത്തരവ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കളക്ടര്‍ക്കാണ് പള്ളിയുടെ ചുമതല. ചുമതല ഏറ്റെടുത്തു എന്ന് കാണിച്ച്‌ കളക്ടര്‍ ഇന്നലെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കലക്ടറുടെയും പൊലീസിന്റെയും മുന്‍കൂര്‍ അനുമതിയോടെ സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകള്‍ നടത്താം. ഇനി ഒരു ഉത്തരവുണ്ടാകും വരെ കളക്ടര്‍ക്കായിരിക്കും പള്ളിയുടെ നിയന്ത്രണം. പള്ളി ഏറ്റെടുത്തു എന്ന് കാണിച്ച്‌ കലക്ടര്‍ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.