ഭാവനയ്ക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷ, അഞ്ച് വര്‍ഷം കൊണ്ട് അവരുടെ ആരാധകനായി മാറി, പൃഥ്വിരാജ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് പൃഥ്വിരാജ്. പലപ്പോഴും താരം സ്വീകരിക്കുന്ന പല നിലപാടുകളും ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഭാവനയുടെ പോരാട്ടത്തെ കുറിച്ചും ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചും നടന്‍ വ്യക്തമാക്കി.

ഭാവന വീണ്ടും സിനിമയിലേക്ക് വരുന്നതില്‍ സന്തോഷമുണ്ട്. ഭാവനയ്ക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷ. മലയാള സിനിമയിലേക്ക് വരുന്നോ എന്ന് ഒരു പാട് പേര്‍ ഭാവനയോട് ഇതിനു മുന്‍പ് ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ സ്വയം റെഡിയായി സിനിമയിലേക്ക് വരുന്നതാണ്. എന്നും ഞാനൊരു സുഹൃത്തായിരുന്നു. പക്ഷെ ഈ അഞ്ചു വര്‍ഷം കൊണ്ട് അവരുടെ കടുത്ത ആരാധകനായി മാറി. സിനിമാലോകം എന്നു പറയുന്നത് ഒരേ പോലെ ഒരു ലോകത്തില്‍ ജീവിക്കുന്ന ആള്‍ക്കാരല്ല. ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. എനിക്ക് എന്റെയൊരു ലോകമുണ്ട്. എനിക്കാ ലോകമേ അറിയൂ. ആ വേള്‍ഡിലുള്ളവര്‍ ഭാവന തിരികെ സിനിമയിലേക്ക് വരുന്നവര്‍ സന്തോഷിക്കുന്നവരാണ്. മറിച്ച് മറ്റൊരാളുടെ ലോകത്ത് എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ ജീവിക്കുന്ന എന്റെ ഒരു ലോകത്ത് എല്ലാവരും ഭാവനയുടെ തിരിച്ചുവരവിനെ ആരാധനയോടെ നോക്കിക്കാണുന്നവരാണ്.

ഒടിടി തിയറ്ററുകള്‍ക്ക് ഭീഷണിയല്ലെന്ന് നടന്‍ പൃഥ്വിരാജ്. ആരെ വിലക്കിയാലും ഒടിടി നിലനില്‍ക്കും. കോവിഡ് വന്നതുകൊണ്ട് ഉണ്ടായ പ്രതിഭാസം അല്ല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം . ഒടിടി ഉള്ളതുകൊണ്ട് തീയറ്റര്‍ വ്യവസായം ഇല്ലാതാകില്ലെന്നും ആളുകള്‍ ഒടിടിയിലേക്ക് വരുന്നുണ്ടെങ്കില്‍ അതിന് കാരണം തിയറ്റര്‍ ഉടമകള്‍ തന്നെയാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ആദില്‍ മൈമൂനത്ത് അഷ്റഫിന്റെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീനാണ് നായകന്‍. ചിത്രത്തിന്റെ ടൈറ്റില്‍ നടന്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയില്‍ അപ്രതീക്ഷിത അതിഥിയായി എത്തി ആരാധകരെ ഞെട്ടിച്ചിരുന്നു.