48 മണിക്കൂറിനുള്ളിൽ കാലവർഷം എത്തും, വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം : അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ മേഖലകളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാൽ സംസ്ഥാനത്ത് ഇക്കുറി കാലവർഷം നേരത്തെ എത്തിയേക്കാനാണ് സാധ്യത.
വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കുക. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സാധാരണ രീതിയിൽ ജൂൺ ഒന്നിന് കാലവർഷം ആരംഭിച്ചത് ഒരുതവണ മാത്രമാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

2018ലും 2022-ലും കാലവർഷം നേരത്തെ എത്തിയിരുന്നു. 2019-ലും 2021-ലും വൈകിയായിരുന്നു സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചത്. കാലവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് വരും ദിവസങ്ങളിൽ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ നൽകുന്ന വിവരം.