ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചത് ഹോട്ടലിലെ ടോയ്‌ലെറ്റില്‍; ഫോട്ടോയെടുത്ത ഡോക്ടറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു; ഹോട്ടലുടമ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

പരിയാരം: ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഹോട്ടലിലെ ടോയ്‌ലെറ്റില്‍ സൂക്ഷിച്ചിരിക്കുന്നതുകണ്ട് ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് ഹോട്ടല്‍ ജീവനക്കാരുടെ മര്‍ദ്ദനം. ഹോട്ടല്‍ ഉടമയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. ഹോട്ടലുടമ ചുമടുതാങ്ങി കെ സി ഹൗസിലെ മുഹമ്മദ് മൊയ്‌തീന്‍(28)​,​ സഹോദരി സമീന (29)​,​ സെക്യൂരിറ്റി ജീവനക്കാരന്‍ ദാസന്‍(70)​ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പിലാത്തറ കെ സി റെസ്റ്റോറന്റിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോ ടെയാണ് ബന്തടുക്ക പിഎച്ച്‌ സിയിലെ ആരോഗ്യ പ്രവര്‍ത്തകരും കുടുംബാംഗങ്ങളുള്‍പ്പെടെ 31 പേര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയത്. കണ്ണൂരിലേക്കുള്ള വിനോദയാത്രയ്‌ക്കിടയിലാണ് സംഘം പിലാത്തറയില്‍ ഇറങ്ങിയത്.

ഭക്ഷണം കഴിച്ച ശേഷം ടോയ്‌ലെറ്റില്‍ കയറിപ്പോഴാണ് ഭക്ഷണസാധനങ്ങളും പച്ചക്കറികളും അവിടെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടലുടമയും ജീവനക്കാരും ഡോക്ടറെ മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്തു. ഇതോടെ, വിനോദയാത്രാസംഘത്തിലുണ്ടായിരുന്നവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഹോട്ടലിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് .