15കാരിയെ ഇൻസ്റ്റാ​ഗ്രാംവഴി പരിചയപ്പെട്ടശേഷം ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച 35കാരൻ പോലീസ് പിടിയിൽ

15 വയസുകാരി സ്‌കൂൾ വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാം വഴി വശീകരിച്ച് ലോഡ്ജ്മുറിയിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ മുപ്പത്തിയഞ്ചുകാരൻ പിടിയിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസ് എന്നയാളെ ഈരാറ്റുപേട്ട പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരിൽ നിന്നാണ് പ്രതിയായ റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

വിദ്യാർത്ഥിനി സ്‌കൂളിൽ എത്താൻ വൈകിയത് ശ്രദ്ധയിൽപ്പെട്ട സ്‌കൂൾ അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പീഡന വിവരം പുറത്തുവന്നത്. പെൺകുട്ടിയെ ഈരാറ്റുപേട്ടയിലെ ലോഡ്ജിലെത്തി പീഡിപ്പിച്ചു എന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ആ വിവരം മറച്ചുവച്ചാണ് കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പാലക്കാടുനിന്നും ഈരാറ്റുപേട്ടയിൽ എത്തിയ ഇയാൾ ലോഡ്ജിൽ മുറി എടുത്തശേഷം സ്‌കൂളിനു സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തശേഷം സ്‌കൂളിനു സമീപം ഇറക്കിവിട്ട് കടന്നുകളഞ്ഞു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നുംതന്നെ ഇല്ലാതിരുന്ന കേസിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനുള്ളിൽ പ്രതി കണ്ണൂരിൽനിന്നും വലയിലായത്.