മൂന്നാം ലോക മഹായുദ്ധം ഒരു ചുവടകലെ മാത്രം, വിജയത്തിനുശേഷം മുന്നറിയിപ്പുമായി പുടിന്‍

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഞ്ചാം തവണയും വിജയിച്ച് വ്‌ളാഡിമിര്‍ പുടിന്‍ അധികാരം നിലനിര്‍ത്തി. 87.97 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്റെ വിജയം. മൂന്നാം ലോക മഹായുദ്ധം ഒരു ചുവടകലെ മാത്രമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

റഷ്യയും യു.എസ്. നേതൃത്വം നൽകുന്ന നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള ബന്ധം വഷളാവുകയാണെങ്കിൽ മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതയുണ്ടെന്നും പുതിൻ മുന്നറിയിപ്പ് നൽകി. മൂന്നാം ലോക മഹായുദ്ധത്തിന് ഒരു ചുവടകലെ മാത്രമാണെന്നും അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്നും പുതിൻ കൂട്ടിച്ചേർത്തു.

കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായ നിക്കോളായ് ഖാരിറ്റോനോവ് നാല് ശതമാനം വോട്ടുകള്‍ നേടി രണ്ടാമതെത്തിയപ്പോള്‍ പുതുമുഖം വ്‌ളാദിസ്ലാവ് മൂന്നാമതും തീവ്ര നാഷണിലിസ്റ്റ് സ്ഥാനാര്‍ഥി ലിയോനിഡ് സ്ലറ്റ്‌സ്‌കി നാലാമതുമെത്തി. യുക്രൈനിനെതിരേ റഷ്യയ്ക്ക് ജയം സാധ്യമല്ലെന്നും ഭാവിയിൽ യുക്രൈനിൽ സൈന്യത്തെ വിന്യസിച്ച് ഭരിക്കാൻ പുതിന്‌ കഴിയില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിന്റെ പ്രതികരണം.

വ്ലാദിമിർ പുതിന് അഞ്ചാം ഭരണകാലം ഉറപ്പു നൽകിക്കൊണ്ടായിരുന്നു റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാനിച്ചത്. രാത്രി വൈകി പുറത്തുവിട്ട എക്സിറ്റ് പോൾ ഫലത്തിൽ 87.97% വോട്ട്‌ പുതിൻ നേടി. ഔദ്യോഗിക ഫലപ്രഖ്യാപനം മേയിലേ ഉണ്ടാകൂ. എന്നാൽ, വോട്ടെടുപ്പിനു പിന്നാലെയെത്തുന്ന എക്സിറ്റ് പോളിൽനിന്ന്‌ ഏറെ വ്യത്യസ്തമാകാറില്ല അത്.