ഭരതത്തിന്റെ പത്മഭൂഷണേക്കാൾ വലുതാണോ അമേരിക്കയുടെ പിഞ്ഞാണം

മുഖ്യമന്ത്രി പിണറായി വിജയനേ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്ന ട്രോൾ ആയിരുന്നു പിഞ്ഞാണം വിജയൻ എന്ന പ്രയോ​ഗം. മുഖ്യമന്ത്രിയേ അർഹിക്കുന്ന ബഹുമാനം നല്കി ആദരവോടെ നമ്മൾ അംഗീകരിക്കണം എന്നത് ശരി എങ്കിലും അമേരിക്കയിൽ നിന്നും കിട്ടിയ പഴയ പാരിതോഷികം പിഞ്ഞാണത്തിന്റെ ആകൃതി ഉള്ളതിനാൽ ആയിരുന്നു ഇത്തരത്തിൽ ട്രോൾ വന്നത്. ഇപ്പോൾ പിഞ്ഞാണം സമ്മാനം കുത്തി പൊക്കി മുഖ്യമന്ത്രിയേ ട്രോളിയിരിക്കുന്നത് ബിജെപി നേതാവ് സന്ദീപ് വചസ്പതിയാണ്‌. സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ പത്മഭൂഷൺ നിരസിച്ചപ്പോഴാണ്‌ അമേരിക്കയിലെ ഏതോ മൂരാച്ചി സർവ്വകലാശാല നൽകിയ പിഞ്ഞാണം പിണറായി വിജയനു സമ്മാനം നല്കിയതും കമ്യൂണിസ്റ്റ് നേതാവായ അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിച്ചതും.

അമേരിക്കയുടെ പിഞ്ഞാണത്തേക്കാൾ വലുതാണോ ഭരതത്തിന്റെ പത്മഭൂഷൺ? ചോദ്യം കമ്യൂണിസ്റ്റ്കാരോടാണ്‌. ഭാരതത്തിന്റെ അത്യുന്നത ബഹുമതിയായ പത്മഭൂഷൺസിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ നിരസിച്ചു എങ്കിൽ അമേരിക്കയിൽ നിന്നും പിഞ്ഞാണം ബഹുമതിയും സമ്മാനവുമായി പിണറായി വിജയൻ സ്വീകരിച്ചത് ഏത് അർഥത്തിലാണ്‌. അമേരിക്കയുടെ പിഞ്ഞാണത്തിനാണ്‌ ഭാരതത്തിന്റെ പത്മശ്രീയേക്കാൾ സി.പി.എം നേതാക്കൾ വില നല്കുന്നത്. അതിനാൽ തന്നെ ഇവരുടെ ഇന്ത്യാ വിരുദ്ധതയും രാജ്യദ്രോഹവും മനസിലാക്കാവുന്നതേ ഉള്ളു. ബിജെ പി നേതാവ് സന്ദീപ് വചസ്പതി തന്റെ ലേഖനത്തിൽ പറയുന്നത് ഇങ്ങിനെ…

സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ പത്മഭൂഷൺ നിരസിച്ച വാർത്ത പോരാളി ഷാജി മുതൽ സീതാറാം യെച്ചൂരി വരെയുള്ളവരെ വിജ്രംഭിപ്പിച്ചിരിക്കുകയാണ്. ചരിത്രം അറിയാത്ത അന്തംകമ്മികൾ നരേന്ദ്രമോദിയുടെ ആദരം സിപിഎം നേതാക്കൾക്ക് വേണ്ട എന്ന തരത്തിൽ ഉന്മാദ നൃത്തം ചവിട്ടുമ്പോൾ ഇഎംഎസിൻറെ ചരിത്രം ചൂണ്ടിക്കാട്ടി ചിലർ താത്വിക അവലോകനം നടത്തുകയാണ്. രണ്ടായാലും വെളിപ്പെടുന്നത് കമ്മ്യൂണിസ്റ്റുകളുടെ രാഷ്ട്ര വിരുദ്ധ മനോഭാവമാണ്. രാഷ്ട്രത്തോട് ബഹുമാനം ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്രം നൽകുന്ന ആദരത്തോട് മഹത്വം തോന്നുകയള്ളൂ. ഇവിടെയാണ് കമ്മ്യൂണിസ്റ്റുകൾക്ക് പിഴയ്ക്കുന്നത്. രാഷ്ട്രം എന്ന സങ്കൽപ്പം പോലും അംഗീകരിക്കാത്തവർക്ക് രാജ്യം നൽകുന്ന ആദരത്തോട് പുച്ഛം തോന്നുക സ്വാഭാവികമാണ്. 

1940 കളിലെ അതേ മനോഭാവം ഇന്നും വെച്ചു പുലർത്തുകയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ എന്ന് വ്യക്തം. എത്ര തിരുത്തൽ രേഖകൾ അവതരിപ്പിച്ചാലും തെറ്റ് ഏറ്റുപറഞ്ഞാലും കമ്മ്യൂണിസ്റ്റുകളുടെ അടിസ്ഥാന മനോഭാവം മാറില്ലെന്ന് വേണം നാം മനസിലാക്കാൻ. 1942 ൽ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റി കൊടുത്ത് ബ്രിട്ടീഷുകാർക്കൊപ്പം ചേർന്നവർ, നേതാജിയെ ചെറ്റയെന്ന് വിളിച്ചവർ, 1946 ൽ ഭാരതത്തെ പതിനാറായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടവർ, 47 ലെ സ്വാതന്ത്ര്യം വ്യാജമാണെന്ന് പ്രചരിപ്പിച്ചവർ, 1949 ൽ രണദിവേയിലൂടെ സായൂധ വിപ്ലവത്തിന് ആഹ്വാനം ചെയ്തവർ. ഇവരുടെ മനോഭാവത്തിന് 2022 ലും മാറ്റമുണ്ടായിട്ടില്ലെന്ന് ബുദ്ധദേബിലൂടെ നാടിന് മനസിലായി. കനൽ ഒരു തരിയായി അവശേഷിച്ചിട്ടും വരട്ട് തത്വവാദം മുറുകെ പിടിക്കുന്ന ഇവർ ഇനി മാറാൻ പോകുന്നുമില്ല.

ഭരണകൂടങ്ങളോ വ്യക്തികളോ നൽകുന്ന ഒരു ആദരവും കമ്മ്യൂണിസ്റ്റുകൾ സ്വീകരിക്കില്ല എന്ന തീരുമാനം സിപിഎം കൈക്കൊണ്ടിട്ടുണ്ടോയെന്ന് പാർട്ടി വ്യക്തമാക്കണം. സാമ്രാജ്യത്വ ഭീകരനായ അമേരിക്കയിലെ ഏതോ മൂരാച്ചി സർവ്വകലാശാല നൽകിയ പിഞ്ഞാണം ബഹുമതിയായി പൊക്കിപ്പിടിച്ച മുഖ്യമന്ത്രിയെ സൃഷ്ടിച്ച പാർട്ടിക്ക് സ്വന്തം രാഷ്ട്രം നൽകുന്ന ആദരം മാത്രമാണ് അവമതിപ്പായി തോന്നുന്നത്. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ 2021 ലെ ഓപ്പൺ സൊസൈറ്റി പ്രൈസിന് മുൻ ആരോഗ്യമന്ത്രിയും സിപിഐഎം സെക്രട്ടറിയേറ്റ് അംഗവുമായ കെ കെ ശൈലജ അർഹയായി എന്ന് കേട്ടപ്പോഴും സഖാക്കൾക്ക് ചോര തിളച്ചില്ല. അതും പൊക്കിപ്പിടിച്ച് നാട് നീളെ വോട്ട് തെണ്ടാനും മന:സാക്ഷിക്കുത്ത് ഉണ്ടായില്ല. പക്ഷേ ഭാരതം നൽകുന്ന പരമോന്നത ബഹുമതി സ്വീകരിച്ചാൽ പാർട്ടി ലൈൻ തകർന്ന് തരിപ്പണമാകും.

എന്തുകൊണ്ടാണ് പത്മപുരസ്കാരം നിരസിക്കുന്നതെന്ന് ബുദ്ധദേബ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അവാർഡ് നിരസിക്കുന്ന കാര്യം പോലും ലോകത്തെ അറിയിച്ചത് പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. പുരസ്കാരം നൽകുന്ന ബുദ്ധദേബിനെ നേരത്തെ അറിയിച്ചില്ല എന്നാണ് യെച്ചൂരി വിശദീകരിച്ചത്. എന്നാൽ ഇത് കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു. അവാർഡിനായി തിരഞ്ഞെടുക്കുന്ന എല്ലാവരേയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് നേരത്തെ തന്നെ ബന്ധപ്പെടുന്ന പതിവുണ്ട്. ബുദ്ധദേബിൻറെ കാര്യത്തിലും അത് സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ഭാര്യ മീരാ ഭട്ടാചാര്യയാണ് ഫോണിൽ സംസാരിച്ചത്. അപ്പോഴൊന്നും അവാർഡ് നിരസിക്കുന്നതായി അവർ പറഞ്ഞിട്ടില്ല. ഒരു ദിവസത്തിന് ശേഷമാണ് പുരസ്കാരം പ്രഖ്യാപനം ഉണ്ടായത്.

ഉദ്യേശശുദ്ധിയിൽ കളങ്കമില്ലായിരുന്നു എങ്കിൽ പ്രഖ്യാപനത്തിന് മുൻപ് ആഭ്യന്തര മന്ത്രാലയത്തെ വിവരങ്ങൾ ധരിപ്പിക്കാൻ അവസരമുണ്ടായിരുന്നു എന്ന് ചുരുക്കം. അത് ചെയ്യാത്തിടത്തോളം തിരസ്കരണത്തിന് ഒരേ ഒരു കാരണമേ ഉള്ളൂ. കമ്മ്യൂണിസ്റ്റുകൾക്ക് ഈ നാടിനോടുള്ള  പുച്ഛം. അതാണ് പരമമായ സത്യം. അല്ലായെങ്കിൽ രാഷ്ട്രത്തിൻറെ ആദരം ഏറ്റുവാങ്ങാനുള്ള യോഗ്യത ഇല്ലെന്ന മന:സാക്ഷിക്കുത്ത്.