സ്വവര്‍​ഗാനുരാ​ഗത്തെ പ്രോത്സാഹിപ്പിക്കുന്നു; സൗദിയില്‍ മഴവില്‍ നിറമുള്ള കളിപ്പാട്ടങ്ങള്‍ പിടിച്ചെടുക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ മഴവില്‍ നിറമുള്ള കളിപ്പാട്ടങ്ങള്‍ അധികൃതര്‍ പിടിച്ചെടുക്കുന്നു.മഴവില്‍ നിറം സ്വവര്‍​ഗനുരാ​ഗത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി റിയാദിലെ ഷോപ്പുകളില്‍ നിന്നും വാണിജ്യ മന്ത്രാലയ അധികൃതര്‍ റെയിന്‍ബോ കളിപ്പാട്ടങ്ങള്‍ പിടിച്ചെടുക്കുന്നതായി സൗദി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമിക വിശ്വാസത്തിനും സദാചാര മൂല്യങ്ങള്‍ക്കും ഇവ എതിരാണെന്നും അധികൃതര്‍ പറയുന്നു.

മഴവില്‍ നിറമുള്ള കളിപ്പാട്ടങ്ങള്‍ ഹെയര്‍ ക്ലിപ്പുകള്‍, പെന്‍സില്‍, തൊപ്പികള്‍, ടീ ഷര്‍ട്ട് തുടങ്ങിയവയാണ് കടകളില്‍ നിന്നും നീക്കം ചെയ്യുന്നത്. കുട്ടികളെ ഇത് തെറ്റായി സ്വാധീനിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വാദം.  തെറ്റായ വഴിയിലേക്ക് നയിക്കുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സമാനമായി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഖത്തറും മഴവില്‍ നിറമുള്ള കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നതിനെതിരെ രം​ഗത്ത് വന്നിരുന്നു.

സ്വവര്‍​ഗാനുരാ​​ഗ രം​ഗ​ങ്ങളുള്ള സിനിമകള്‍ ഇവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയില്ല. അതേസമയം സമൂഹ മാധ്യമങ്ങളുടെ കടന്ന് ഈ രാജ്യങ്ങളിലെ യുവത്വത്തിനിടയില്‍ ലൈം​ഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നുണ്ട്.സ്വവര്‍​ഗാനുരാ​ഗത്തെ കുറ്റകൃത്യമായി കാണുന്ന ​ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനെതിരെ കടുത്ത നിയമ നടപടികളാണുള്ളത്. ചാട്ടവാറടി മുതല്‍ വധ ശിക്ഷ വരെയാണ് സ്വവര്‍​ഗരതിയിലേര്‍പ്പെടുന്നവര്‍ക്കുള്ള ശിക്ഷ.