മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുന്നത് തടയും; പാർട്ടി അംഗങ്ങൾക്ക് നിർദ്ദേശം നൽകി സിപിഎം

കണ്ണൂര്‍: മയക്കുമരുന്ന് സംഘങ്ങളെ പ്രാദേശികമായി നിരീക്ഷിക്കാനും അവര്‍ ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയുമായി ബന്ധം സ്ഥാപിക്കുന്നത് തടയാനും സി.പി.എം. പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. തലശ്ശരിയില്‍ നടന്ന ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് പാർട്ടിയുടെ ഈ നീക്കം. പാർട്ടി അംഗങ്ങളിൽ ചിലര്‍ക്കെങ്കിലും ഇത്തരത്തിലുള്ള സമൂഹവിരുദ്ധ പശ്ചാത്തലമുണ്ടാകാം. അത് തടയാന്‍ പറ്റില്ല. എന്നാല്‍, അവരുടെ പാര്‍ട്ടി അനുഭാവം സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രക്ഷാകവചമാക്കാന്‍ അനുവദിക്കരുതെന്നും സി.പി.എം. സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നിർദ്ദേശം നൽകി.

ഇത്തരം സംഘങ്ങളുമായി ഒരു ബന്ധവും പുലര്‍ത്തരുത്. മാര്‍ച്ചില്‍ പാര്‍ട്ടി അംഗത്വം പുതുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ലഹരിക്കടിപ്പെട്ടവരെ പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കരുത്. മറ്റു പാര്‍ട്ടിയില്‍നിന്ന് വരുന്നവരുടെ കാര്യത്തിലും ഇത് തന്നെയാകും ചെയ്യുക.

ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്ന് ബെംഗളൂരുവില്‍നിന്ന് കടത്തുന്നതിനിടെ കണ്ണൂരില്‍ പിടിയിലായ കോയ്യോട് സ്വദേശിയായ ഒരാള്‍ എസ്.ഡി.പി.ഐ.യില്‍നിന്ന് രാജിവെച്ച് മറ്റ് കുറേപ്പേരോടൊപ്പം സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. അംഗത്വം നല്‍കിയില്ലെങ്കിലും ഇയാള്‍ പാര്‍ട്ടിപരിപാടികളില്‍ പങ്കെടുത്തിരുന്നു. മയക്കുമരുന്ന് ഇടപാടുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇയാള്‍ കണ്ടെത്തിയ വഴിയായിരുന്നു ഇത്. പ്രാദേശികമായി, മറ്റു പാര്‍ട്ടികളില്‍നിന്ന് വരുന്ന പലര്‍ക്കും സി.പി.എം. അംഗത്വത്തില്‍ തുടരാന്‍ സാധിക്കാറുമില്ല.

തലശ്ശേരി ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതി പാറായി ബാബു 10 വര്‍ഷംമുന്‍പ് ബി.ജെ.പി. വിട്ട് സി.പി.എമ്മിനൊപ്പം വന്നയാളാണ്. കുറച്ചുകാലം ഇയാള്‍ സി.പി.എം. തലശ്ശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിക്കുകീഴിലെ ചിറമ്മല്‍ ബ്രാഞ്ചില്‍ അംഗമായിരുന്നു. മദ്യപാനം ഉള്‍പ്പെടെയുള്ള സ്വഭാവദൂഷ്യങ്ങളുള്ളതിനാല്‍ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, അടുത്തിടെ മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിലടക്കം ഇയാള്‍ പങ്കെടുത്തതായാണ് വിവരം.