സിദ്ധാര്‍ഥന്റെ മരണം, ഉദ്യോഗസ്ഥരുടെ വീഴ്ച വിവാദമായതോടെ നടപടികൾ ഊർജിതമാക്കി സർക്കാർ, അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഗവര്‍ണര്‍

തിരുവനന്തപുരം: എസ്എഫ്ഐ യുടെ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥന്റെ മരണത്തിൽ കേസ് സി.ബി.ഐ.ക്ക് കൈമാറാത്തത് വിവാദമായതോടെ നടപടികൾ ഊർജിതമാക്കി സർക്കാർ. പ്രത്യേക ദൂതൻവഴി ചൊവ്വാഴ്ച വൈകീട്ട് രേഖകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എത്തിച്ചു. രേഖകൾ യഥാസമയം കൈമാറുന്നതിൽ വീഴ്ചവരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

അന്വേഷണം കൈമാറാനുള്ള സർക്കാർ വിജ്ഞാപനം 16-ന് സി.ബി.ഐ. കൊച്ചി ഓഫീസിന്‌ നൽകിയിരുന്നു. എന്നാൽ, പെർഫോമ റിപ്പോർട്ട് കൈമാറിയില്ല. സംസ്ഥാന ആഭ്യന്തരവകുപ്പാണ് നൽകേണ്ടത്. പ്രഥമവിവര റിപ്പോർട്ടും അന്വേഷണത്തിന്റെ നാൾവഴികളും അടക്കമുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കണോയെന്ന് സി.ബി.ഐ. തീരുമാനിക്കുന്നത്. പ്രാദേശികയൂണിറ്റിന്റെ റിപ്പോർട്ടും സി.ബി.ഐ. ഡയറക്ടർ തേടും.

അടിയന്തരപ്രാധാന്യത്തോടെ സർക്കാർ കൈകാര്യംചെയ്ത വിഷയത്തിൽ വീഴ്ചവരുത്തിയെന്ന കുറ്റംചുമത്തിയാണ് ആഭ്യന്തരവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി വി.കെ. പ്രശാന്ത്, സെക്‌ഷൻ ഓഫീസർ വി.കെ. ബിന്ദു, അസിസ്റ്റന്റ് എസ്.എൽ. അഞ്ജു, എന്നിവരെ സസ്പെൻഡ് ചെയ്തത്. കേസിൽ കേരള പോലീസ് അന്വേഷണം നിർത്തി വയ്ക്കുകയും സിബിഐ അന്വേഷണം ഏറ്റെടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ കേസ് അട്ടിമറിക്കാനുള്ള സാധ്യതകൾ ചൂണ്ടിക്കാറട്ടി പ്രതിഷേധവുമായി സിദ്ധാർത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് രേഖകൾ കൈമാറുന്നതിൽ ഉദ്യോഗസ്ഥർക്ക് ഉണ്ടായ വീഴ്ച പുറത്തുവന്നത്. പിന്നാലെ സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയതില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.