മാപ്പ് പറഞ്ഞിട്ടും ഗുണമുണ്ടായില്ല; ശ്രീനാഥ് ഭാസി അറസ്റ്റിൽ sreenath bhasi

കൊച്ചി: പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തിയ നടനെയാണ് അറസ്റ്റ് ചെയ്തത്. ആദ്യം ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് നടൻ അറിയിച്ചിരുന്നു. പിന്നീട് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ശ്രീനാഥ് ഭാസിയുടെ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാ​ഗമായി എത്തിയപ്പോഴാണ് നടൻ അവതാരകയോട് അപമാര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ ആരോപിക്കുന്നു.

നിർമ്മാതാക്കളുടെ സംഘടനയ്ക്കും അവതാരക പരാതി നൽകിയിരുന്നു. സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. ശ്രീനാഥ് വിഷയം മുഖ്യ ചർച്ച നടത്തുമെന്ന് നിർമ്മാതാക്കളുടെ സംഘടനയും വ്യക്തമായി. ശ്രീനാഥിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം. നിലവിൽ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേംബർ നടപടിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് പുതിയ പരാതി ലഭിച്ചിരിക്കുന്നത്. ഇതിനിടെ എഫ് എം റേഡിയോ അവതാരകനോട് സമാനമായ രീതിയിൽ അസഭ്യം പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു.

വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ശ്രീനാഥ് ഭാസി അറിയിച്ചിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ആരോട് വേണമെങ്കിലും താന്‍ ക്ഷമാപണം നടത്താന്‍ തയ്യാറാണെന്നും നടന്‍ വ്യക്തമാക്കി. അവതാരകരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. പരിപാടി നടക്കില്ല എന്ന് പറഞ്ഞാണ് താൻ എണീറ്റ് പോയത് എന്നും ആരേയും മാനസികമായി തളർത്തുന്ന രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല എന്നും ശ്രീനാഥ് ഭാസി  പ്രതികരിച്ചു.