വാട്സാപ്പ് ഗ്രൂപ്പിലെ അദ്ദേഹത്തിന്റെ കോമഡി കേട്ടാണ് ഓരോ ദിവസവും തുടങ്ങുന്നത്- സുരാജ് വെഞ്ഞാറമൂട്

മലയാളികളെ ഒരുപാട് ചിരിപ്പിച്ച കലാഭവൻ ഹനീഫ് ഇന്നലെയാണ് വിടവാങ്ങിയത്. അഭിനയ ജീവിതത്തിൽ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയ കലാവഭവൻ ഹനീഫിന് സിനിമയിൽ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം സൗഹൃദങ്ങൾ തന്നെയായിരുന്നു. കൊച്ചിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് ശരാശരി വിദ്യാഭ്യാസം മാത്രം നേടിയ ഹനീഫ് നാടകങ്ങളിലൂടെയും കലാഭവനിലൂടെയും തന്റെ കഴിവ് തെളിയിച്ച് സിനിമയിലെത്തിയ നടനാണ്. മലയാളി ഓർത്തിരിക്കുന്ന നിരവധി കോമഡി രംഗങ്ങളിൽ പലതിലും കലാഭവൻ ഹനീഫിന്റെ സാന്നിധ്യമുണ്ട്. ഹനീഫിന്റെ ഓർമ്മയിൽ‌ സുരാജ് വെഞ്ഞാറമൂട് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു.

‘പ്രിയപ്പെവരില്‍ പ്രിയപ്പെട്ടൊരാള്‍ വിട വാങ്ങിയിരിക്കുന്നു… എന്റെ കലാ ജീവിതത്തില്‍ എന്നും പ്രചോദനമായിരുന്ന ഒരാള്‍…അസാമാന്യ ഹ്യൂമര്‍ സെൻസുള്ള അദ്ദേഹത്തിന്റെ കോമഡി പ്രോഗ്രാമുകള്‍ ഒക്കെയും ഒരു കാലത്തു മനഃപാഠമായിരുന്നു…ജീവിതയാത്രയില്‍ അദ്ദേഹം കണ്ടതും കേട്ടതും അനുഭവിച്ചതുമായ ഓരോ നിമിഷങ്ങളെ കുറിച്ചു ഒരു കഥ പോലെ പറഞ്ഞു നമ്മളെ ചിരിപ്പിച്ചു ചിരിപ്പിച്ചാണ് ഓരോ മനുഷ്യരുടെയും ഹൃദയത്തിലേക്ക് അദ്ദേഹം കയറികൂടിയത്…തികച്ചും വ്യക്തിപരമായ നഷ്ടമാണ് എനിക്ക് ഇക്കയുടെ അപ്രതീക്ഷിതമായ വിട വാങ്ങല്‍…
ഞങ്ങള്‍ ഒരുമിച്ചുള്ള വാട്സാപ്പ് ഗ്രൂപ്പിലെ അദ്ദേഹത്തിന്റെ ഓരോ കോമഡിയും കേട്ടാണ് ഓരോ ദിവസവും തുടങ്ങുന്നത് തന്നെ….

കാണുന്ന നിമിഷം ഒരുപാട് സ്നേഹവും സന്തോഷവും കൊണ്ട് മനസ്സ് നിറച്ചിരുന്ന ആ ഒരാള്‍ ഈ ലോകത്ത് നിന്നും പോയിരിക്കുന്നു എന്ന സത്യം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല….ഒരുപാട് പൊട്ടിച്ചിരികള്‍ സമ്മാനിച്ച പ്രിയപ്പെട്ട ചങ്ങാതിക്ക്.. ഹനീഫയ്ക്കയ്ക്ക്… ആദരാഞ്ജലികള്‍.’