കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി, പിന്നിൽ ഇടതുസർക്കാർ വരുത്തിയ പാളിച്ചകളെന്ന് ധനമന്ത്രി

തിരുവനന്തപുരം : കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇടതുസർക്കാർ ധനകാര്യ മാനേജ്‌മെന്റിൽ വരുത്തിയ പാളിച്ചകളെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിന് നൽകേണ്ട വിഹിതം കേന്ദ്രം പൂർണ്ണമായി നൽകി. ധനകാര്യ മാനേജ്‌മെന്റിന്റെ അഭാവം മൂലം നിരവധി പദ്ധതികളാണ് കേരളത്തിന് നഷ്ടപ്പെടുന്നത്. ശമ്പളം പോലുള്ള നിത്യചെലവുകൾക്ക് ഫണ്ട് സ്വരൂപിക്കാൻ പോലും കേരളത്തിന് സാധിക്കുന്നില്ല.

ഇത് സർക്കാർ ജീവനക്കാർക്ക് ശമ്പളം മുങ്ങുന്നതിലേക്കും പെൻഷൻ വിതരണം നിലയ്ക്കുന്നതിലേക്കും നയിക്കും. കേന്ദ്രം അനുവദിക്കുന്ന തുകയുടെ കൃത്യമായ രേഖകളോ കംപ്ലീഷൻ സർട്ടിഫിക്കറ്റോ സംസ്ഥാനം സമയബന്ധിതമായി നൽകാത്തത് മൂലം തുടർഫണ്ട് പോലും മുടങ്ങുകയാണെന്ന്, യുജിസി റൂസാ ഫണ്ടിന്റെ വിഷയം ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. സംസ്ഥാനം ചെലവാക്കിയതിന് ശേഷം റീ-ഇമ്പേഴ്‌സ് ചെയ്യുന്ന രീതിക്ക് പകരം ആദ്യമേ തുക നൽകണമെന്നൊണ് കേരളത്തിന്റെ ആവശ്യം.

ഇത്തരത്തിൽ നിയമപരമല്ലാത്ത ആവശ്യങ്ങളാണ് സംസ്ഥാനം ഉന്നയിക്കുന്നത്. കിഫ്ബിയെ എന്തുകൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ ബാധ്യതയിൽ ഉൾപ്പെടുത്തിയതെന്നും വിശദമാക്കി. നിയമസഭ പാസാക്കിയെടുത്ത തുക ചെലവഴിക്കുന്ന രീതിയല്ല കിഫ്ബിയുടെ പ്രവർത്തനം. അതുകൊണ്ട് സ്വാഭാവികമായി തന്നെ അതിനെ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കേണ്ടി വരും. കിഫ്ബി എത്ര ബാധ്യത വിളിച്ച് വരുത്തുമെന്ന ധാരണ പോലും സംസ്ഥാന സർക്കാരിനില്ലെന്നും ധനമന്ത്രികുറ്റപ്പെടുത്തി.