‘വജൈന പച്ചമാംസം വെട്ടിക്കീറിയതുപോലെ, ദിവസം പന്ത്രണ്ടോളം പാഡുകള്‍ മാറ്റണം; ശസ്ത്രക്രിയാ പിഴവിനെക്കുറിച്ച് മരണത്തിന് മുന്‍പ് അനന്യ പറഞ്ഞത്|

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടെന്നാരോപിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സ് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയ വിവരങ്ങള്‍ പുറത്ത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയതായും അനന്യ വെളിപ്പെടുത്തിയിരുന്നു. ആരോഗ്യമന്ത്രിയില്‍ നിന്ന് ഉദാസീനമായ സമീപനമാണ് ഉണ്ടായതെന്നും അവര്‍ ആരോപിച്ചു. മരിക്കുന്നതിന് മുമ്പ് മാതൃഭൂമി ഡോട്ട് കോമിന് അനന്യ നല്‍കിയ അഭിമുഖത്തിലാണ് ശസത്രക്രിയയ്ക്ക് ശേഷമുള്ള ദുരിതാവസ്ഥയെക്കുറിച്ച് അനന്യ സംസാരിച്ചത്.

അനന്യയുടെ വാക്കുകള്‍: ‘റിനൈമെഡിസിറ്റിയിലെ പ്ലാസ്റ്റിക് സര്‍ജന്‍ അര്‍ജുന്‍ അശോകനാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്്. അദ്ദേഹത്തിന്റെ ഭാര്യ ഡോ:സുജ സുകുമാര്‍ അവിടുത്തെ എന്‍ഡോക്രൈനോളജിസ്റ്റാണ്. അവരാണ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് ചെയ്തത്. 2020 ജൂണ്‍ പതിനാലിനായിരുന്നു ശസ്ത്രക്രിയ. അതേസമയം തന്നെയാണ് കോട്ടയം സ്വദേശിയായ നൃത്താധ്യാപിക ഭദ്ര മലിന്റെയും ശസ്ത്രക്രിയ. രണ്ടുപേരുടെ ശസ്ത്രക്രിയ ഒരേസമയം ഒരേ തീയേറ്ററിലായിരുന്നു.

കോളണ്‍ വജൈനാ പ്ലാസ്റ്റി അഥവാ കുടലില്‍ നിന്നെടുത്ത് വജൈന ക്രിയേറ്റ് ചെയ്യുന്ന രീതിയായിരുന്നു എന്റേത്. സര്‍ജറി കഴിഞ്ഞ് ആറാംദിവസം തന്നെ ഡിസ്ചാര്‍ജ് ആയി. അപ്പോള്‍ തന്നെ പറഞ്ഞതിനേക്കാളധികം തുകയായിരുന്നു. ഏതാണ്ട് രണ്ടുലക്ഷത്തി അമ്പത്തിയഞ്ചു രൂപയോളം കൊടുത്തു. സര്‍ജറി കഴിഞ്ഞയുടന്‍ തന്നെ ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായി. വീട്ടിലെത്തി നാലുമണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമായി വീണുപോയി. അതേദിവസം തന്നെ വീണ്ടും അഡ്മിറ്റ് ചെയ്തു.

പിന്നെ ജൂലായ് രണ്ടിനാണ് ഡിസ്ചാര്‍ജ് ആവുന്നത്. അത്രയും ദിവസം ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ മൂക്കിനകത്ത് ട്യൂബിട്ട അവസ്ഥയിലായിരുന്നു. സ്‌കാന്‍ ചെയ്തപ്പോള്‍ സര്‍ജറിയുടെ പ്രശ്‌നം കാരണം കുടലിനകത്ത് ആറുസ്ഥലത്ത് ഗ്യാസ് ട്രബിള്‍ ഉണ്ടായതാണ് കാരണം. വീണ്ടും എന്റെ അനുവാദമൊന്നും ചോദിക്കാതെ വയറൊക്കെ കുത്തിക്കീറി കുടലില്‍ സര്‍ജറി ചെയ്തു. ജൂലായ് മൂന്നിന് ആശുപത്രിയില്‍ നിന്ന് തിരികെയെത്തി.

പക്ഷേ എന്റെ വജൈന ഭീകരമായിരുന്നു, വെട്ടിക്കണ്ടിച്ച പോലെയാണ്. സാധാരണ വജൈന പോലെ വൃത്തിയും വെടിപ്പുമുള്ളത് സര്‍ജറി ചെയ്‌തെടുക്കാനൊക്കെ കഴിയും. ഈ ഡോക്ടര്‍ ഇതില്‍ വിദഗ്ധനാണെന്നും മറ്റും അറിഞ്ഞാണ് അവിടെ തന്നെ പോയത്. എപ്പോഴും ഫ്‌ളൂയിഡ് വരുന്നതിനാല്‍ ഒരുദിവസം പോലും എട്ടുമുതല്‍ പന്ത്രണ്ടോളം പാഡ് മാറ്റണം. മൂത്രം പിടിച്ചു വെക്കാന്‍ കഴിയില്ല. മൂത്രം പോകുന്നതും പലവഴിക്കാണ്. പരാതിയുമായി ഡോക്ടറെ സമീപിച്ചപ്പോള്‍ ഹോസ്പിറ്റലില്‍ നിന്നും പിആറില്‍ നിന്നും ശരിയായ മറുപടി ലഭിച്ചില്ല.

പിന്നീടൊരിക്കല്‍ ആശുപത്രിയില്‍ പോയപ്പോള്‍ ബില്ലില്‍ ക്രമക്കേട് ഉണ്ടാവുകയും അന്ന് പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. പുരുഷന്മാരുടെ സ്തനംനീക്കല്‍ ശസ്ത്രക്രിയക്ക് ശേഷവും വളരെ മോശം രീതിയില്‍ നെഞ്ചില്‍ സര്‍ജറിയുടെ പാടുകളുമായി ജീവിക്കേണ്ടി വരുന്നവരുണ്ട്. നൂറില്‍ തൊണ്ണൂറ്റിയെട്ട് ശതമാനം പേരുടേയും ഇങ്ങനെയാണ്. പക്ഷേ ഭയമാണ് തുറന്നുപറയാന്‍.

പച്ചമാംസം വെട്ടിക്കീറിയതുപോലെയാണ് എന്റെ വജൈന. അയാള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകണം. ഇക്കാര്യം പറഞ്ഞപ്പോള്‍ പഠിച്ചിട്ട് ഒരിക്കല്‍ക്കൂടി സര്‍ജറി ചെയ്യാമെന്നാണ് പറഞ്ഞത്. എന്ത് ധൈര്യത്തിലാണ് വീണ്ടും സര്‍ജറിക്ക് അവിടെ കിടക്കുക. എന്റെ വയറിന് മുഴുവന്‍ പാടുകളാണ്. കുടലിന്റെ പ്രശ്‌നം കാരണം ദിവസം നാലും അഞ്ചും തവണ ടോയ്‌ലറ്റില്‍ പോകണം.

മറ്റു സംസ്ഥാനങ്ങളിലെ ട്രാന്‍സുകള്‍ മാതൃകയാക്കുന്ന കേരളത്തില്‍ ഇത്തരമൊരു കാര്യം നടക്കുന്നത് ലോകം അറിയണം. ആരോഗ്യമന്ത്രിയോട് സംസാരിച്ചപ്പോള്‍ നോക്കാം, ഡോക്ടര്‍മാരോട് സംസാരിക്കാം എന്നുപറഞ്ഞ് കൈയൊഴിഞ്ഞു. കെ.കെ ശൈലജ ടീച്ചറായിരുന്നു ആരോഗ്യമന്ത്രിയെങ്കില്‍ അടിയന്തിരമായി നടപടിയെടുത്തേനെ.’