വിവാഹബന്ധം വേർപെടുത്തിയപ്പോൾ കുടുംബത്തിൽ നിന്നും പിന്തുണ ലഭിച്ചില്ല- വിജയ് യേശുദാസ്

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. ഗാനഗന്ധർവൻ യേശുദാസിന്റെ മകനായ വിജയ് യേശുദാസ് അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. നിരവധി ഹിറ്റ് ഗാനങ്ങൾ വിജയ് യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമാഴ്, ഹിന്ദി, കന്നഡ, തുളു, തെലുഗ് ഭാഷകളിലും വിജയ് നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഗായകനെ തേടിയെത്തിയിട്ടുണ്ട്.

അടുത്തിടെയാണ് താനും ഭാര്യ ദർശനയും വേർപിരിഞ്ഞതായി വിജയ് യേശുദാസ് തുറന്നുപറഞ്ഞത്. ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഈ കാര്യം തുറന്ന് പറഞ്ഞിരുന്നത്. തമിഴ് നടൻ ധനുഷുമായി വളരെ അടുത്ത സൗഹൃദമാണ് വിജയ്ക്ക് ഉള്ളത്. ആ സൗഹൃദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് യേശുദാസ് ഭാര്യ ദർശനയെക്കുറിച്ച് സൂചിപ്പിച്ചത്.

ധനുഷും വിജയ്‌യും ക്ലാസ്‌മേറ്റ്‌സായിരുന്നോ എന്ന ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിനായിരുന്നു വിവാഹജീവിതത്തെക്കുറിച്ച് വിജയ് യേശുദാസ് മനസ്സു തുറന്നത്. എന്റെയും ധനുഷിന്റെയും ഭാര്യമാർ തമ്മിലുള്ള സൗഹൃദമാണ് ഞങ്ങളെ അടുപ്പിച്ചതെന്ന് വിജയ് പറയുന്നു. ‘ഇപ്പോൾ ആ ബന്ധമൊക്കെ ഏതു വഴിയ്ക്കായി എന്ന് എല്ലാവർക്കും അറിയാം. ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നു. ഇപ്പോൾ പരാജയത്തിൽ എത്തി നിൽക്കുകയാണ് ആ ജീവിതം. എന്റെ വിവാഹ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചിട്ടുണ്ട്. അത് എന്റെ വ്യക്തി ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയിൽ അങ്ങനെ മുന്നോട്ടു പോവുകയാണ്.

മക്കളുടെ കാര്യത്തിൽ അച്ഛൻ, അമ്മ എന്ന നിലയിൽ ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകൾ നിർവ്വഹിക്കുക. മക്കളും ഈ കാര്യത്തിൽ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാൽ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു. പക്ഷെ ഞങ്ങളുടെ ഈ വേർപിരിയലിൽ എനിക്ക് എന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഒരു പിന്തുണയും ലഭിക്കുന്നില്ല എന്നതാണ് സത്യം. അവർ അതിനെ വളരെ സെൻസിറ്റീവായിട്ടാണ് കാണുന്നത്.

അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെതന്നെയാണ് ഈ കാര്യം ഇപ്പോഴും ഇങ്ങനെ വളരെ ഹിഡണായി മുന്നോട്ടു പോവുന്നത്. പക്ഷെ, ഇത്തരം തീരുമാനങ്ങൾ എന്നിലെ കലാകാരനെ വളർത്തിയിട്ടേ ഉള്ളൂ എന്നാണ് അനുഭവം. ചിലപ്പോഴൊക്കെ തളർന്നിട്ടുണ്ട്, എങ്കിലും അതിൽനിന്ന് പുനരുജ്ജീവിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു