സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത,ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. ആര് ജില്ലകലിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

മൺസൂൺ പാത്തി (Monsoon Trough) യുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടും, കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതിചെയ്യുകയാണ്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി (Off -Shore trough) നിലനിൽക്കുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതാണ് മഴയ്ക്ക് കാരണമായി കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

കേരള തീരത്ത് 12-07-2023 വൈകിട്ട് 05.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുംസാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 15 cm നും 40 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.