ലോകായുക്തയ്ക്ക് പഴയ അധികാരം തിരികെ കിട്ടുമോ, പിണറായി കഴുത്ത് ഞെരിച്ച് അല്പപ്രാണനാക്കുമോ?

തിരുവനന്തപുരം∙ ലോകായുക്തയുടെ കഴുത്ത് ഞെരിച്ച് അല്പപ്രാണനാക്കാനുള്ള പിണറായി സർക്കാരിന്റെ ഭേദഗതി ഓർഡിനൻസ് അസാധുവാകുമെന്ന് ഉറപ്പായിരിക്കെ ലോകായുക്തയ്ക്ക് പഴയ അധികാരം തിരികെ ലഭിക്കാനുള്ള സാധ്യതയേറി.

ഓര്‍ഡിനൻസ് ഭരണം അഭികാമ്യമല്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശനവും സർക്കാർ കൊണ്ടുവന്ന ലോകായുക്ത ഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകൾ ഗവർണർ ഇന്ന് അർധരാത്രിക്കകം ഒപ്പിട്ടില്ലെങ്കിൽ അസാധുവാകുകയാണ്. ഇതോടെ ആറു നിയമങ്ങൾ ഭേദഗതിക്ക് മുൻപുള്ള പഴയ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്നതാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിവാദമായ ലോകായുക്ത ഭേദഗതി ഓർഡിനൻസ് തന്നെ.

ലോയുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഓർഡിനൻസ് അസാധുവാകു ന്നതോടെ ലോകായുക്തയ്ക്ക് പഴയ അധികാരം തിരികെ കിട്ടുകയാണ്. ഓർഡിനൻസ് റദ്ദായാൽ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുകയോ, പുതിയ ഓർഡിനൻസായി മന്ത്രിസഭ അംഗീകരിച്ച് വീണ്ടും ഗവർണറുടെ അംഗീകാരത്തിനായി കൊടുവരാനുള്ള സാധ്യതയും മറ്റൊരു വശത്തുണ്ട്. പുതിയ ഓർഡിനൻസായി അയയ്ക്കണമെങ്കിൽ നിലവിലെ ഓർഡിനൻസ് പുതുക്കാതെ ഗവർണർ അത് തിരിച്ച് അയക്കണം.

ഓർഡിനൻസുകൾ ഇത്ര ദിവസത്തിനകം ഒപ്പിടണമെന്ന് വ്യവസ്ഥയില്ലാത്തതിനാൽ എത്രനാൾ വേണമെങ്കിലും ഒപ്പിടാതെ നീട്ടികൊണ്ടുപോകാൻ ഗവർണർക്ക് കഴിയും എന്നതാണ് ശ്രദ്ധേയം. സർവകലാശാലയിലെ ചാൻസലർ പദവിയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ നീക്കം നടത്തുന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്.

നിയമസഭ ചേരാത്ത സാഹചര്യത്തിൽ, പുതിയ നിയമനിർമാണം നടത്താനോ നിലവിലെ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനോ ഭരണഘടനയുടെ 213–ാം അനുച്ഛേദം അനുസരിച്ചാണ് മന്ത്രിസഭ അംഗീകരിച്ച് ഓർഡിനൻസുകൾ പുറപ്പെടുവിക്കാറുള്ളത്. തുടർന്നിത് ഗവർണറുടെ ഓഫിസിലേക്ക് അയച്ചു അംഗീകാരം വാങ്ങാനാണ് പതിവ്. അടുത്ത സഭാസമ്മേളനത്തിൽ ഓർഡിനൻസുകൾ ബില്ലായി അവതരിപ്പിക്കണം. നിയമസഭ ചേർന്നു 42 ദിവസത്തിനകം ഓർഡിനൻസുകൾ ബില്ലായി കൊണ്ടുവന്നില്ലെങ്കിൽ അത് അസാധുവാകും. ഇതൊഴിവാക്കാനാണ് ഓർഡിനൻസുകൾ ഗവർണറുടെ അംഗീകാരത്തോടെ പുതുക്കാൻ നീക്കം നടന്നത്.

ജൂൺ 27 മുതൽ 15 ദിവസം സഭ കൂടിയിരുന്നെങ്കിലും ലോകായുക്ത ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചിരുന്നില്ല. ഇതോടെ, ലോകായുക്ത ഭേദഗതി ഓർഡിനൻസിനു മുൻപുള്ള നിയമം പുനഃസ്ഥാപിക്കപ്പെടുകയെന്ന അസാധാരണ സ്ഥിതിയാണ് ഇനി ഉണ്ടാവുക. നിലവിലെ കേസുകളിൽ പഴയ നിയമമായിരിക്കും ഇനി ബാധകം. മന്ത്രിമാർക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ മന്ത്രി രാജിവയ്ക്കേണ്ടിവരും. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ.ടി.ജലീലിനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന ലോകായുക്ത വിധിയെ തുടർന്നാണ് ഇത്തരമൊരു നീക്കത്തിലേക്ക് സർക്കാർ കടക്കുന്നത്. ബന്ധുനിയമ കേസിൽ അഴിമതി കാണിച്ച ജലീൽ അധികാര സ്ഥാനത്ത് തുടരരുത് എന്നായിരുന്നു ലോകായുക്തയുടെ വിധി.

ജലീലിന്റെ രാജിയോടെയാണ് ലോകായുക്തയുടെ അധികാരങ്ങൾ കവരാനായി , നിയമത്തിന്റെ കഴുത്ത് ഞെരിക്കാനായി പിണറായി സർക്കാർ നിയമഭേദഗതി കൊണ്ടുവരാൻ തീരുമാനിക്കുന്നത്. അധികാരസ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകർ അഴിമതി നടത്തിയതായി വ്യക്തമായാൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് ഉള്ള അധികാരമാണ് ഭയപ്പാടിലായതോടെ തച്ചുടക്കാൻ ശ്രമിക്കുന്നത്.

മന്ത്രിമാരുടെ നിയമനവുമായി ബന്ധപ്പെട്ട അധികാരി എന്ന മുഖ്യമന്ത്രിക്ക് ഏറ്റവും ഒടുവിൽ വിധിയെന്ത് വന്നാലും കാര്യങ്ങൾ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കാം എന്നതരത്തിലാണ് സർക്കാർ മാറ്റം വരുത്തിയത്. ലോകായുക്തയുടെ വിധിയിൽ ഹിയറിങ് നടത്തി വിധി തള്ളാനോ കൊള്ളാനോ ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. സത്യത്തിൽ ജനങ്ങളെ ഭയപ്പെടുന്ന ഒരു സർക്കാരിന് മാത്രമേ ഇത്തരം ഒരു ഭേദഗതി കൊണ്ടുവരേണ്ട ആവശ്യം വരുന്നുള്ളൂ. പുതിയ ഓർഡിനൻസിലൂടെ പിണറായി സർക്കാർ സത്യത്തിൽ ജനത്തെ ഭയപ്പെടുന്നു എന്ന് വ്യക്തം. ജലീലിന്റെ അനുഭവം പല നേതാക്കളിലും ഭയമുണ്ടാക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്.