മറ്റ് ബന്ധങ്ങളുണ്ടെന്ന് സംശയം, യുവാവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കാസര്‍കോട്: സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ഇത്തരം അക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ല. കുടുംബത്തില്‍ നിന്നും ഭര്‍ത്താവില്‍ നിന്നുമൊക്കെ പല ക്രൂരതകളും അനുഭവിക്കേണ്ടി വരുന്ന സ്ത്രീകള്‍ സമൂഹത്തിലുണ്ട്. ഇത്തരം പ്രവര്‍ത്തികളില്‍ ജീവന്‍ നഷ്ടമാകുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ല. ഇപ്പോള്‍ സമാനമായ ഒരു സംഭവമാണ് കാസര്‍കോട് ബേഡകത്ത് ഉണ്ടായിരിക്കുന്നത്. ഭാര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബേഡകം കുറിത്തിക്കുണ്ടില്‍ കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുറത്തിക്കുണ്ട് കോളനി സ്വദേശിനി സുമിതയാണ് മരിച്ചത്. ഭര്‍ത്താവ് അരുണ്‍കുമാറിനെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു.

പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടാകുന്നത്. 23കാരിയായ സുമിതയെ ഭര്‍ത്താവ് അരുണ്‍കുമാര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുമിതയ്ക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്ന സംസശയത്തെ തുടര്‍ന്ന് അരുണ്‍ കുമാര്‍ ഇടയ്ക്ക് വഴക്കിട്ടിരുന്നു എന്ന് പോലീസ് പറയുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമേ ആയുള്ളെങ്കിലും ഇരുവരും നാലുവര്‍ഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ വിവാഹത്തിനുശേഷം കലഹം പതിവായതോടെ ബന്ധുക്കള്‍ ഇടപെട്ടിരുന്നു.

മദ്യപിച്ചെത്തിയ അരുണ്‍ ഇന്നലെ രാത്രി സുമിതയെ മര്‍ദിക്കുകയും പട്ടികകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. സുമിതയെ ഉടന്‍ തന്നെ ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവര്‍ക്കും മൂന്ന് വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട്. ബേഡഡുക്ക വാവടുക്കം സ്വദേശിനിയാണ് സുമിത.