ഒരർഥത്തിൽ ചലനമറ്റ ബാലുവിനെ കാണാതിരിക്കുന്നതാണ് നല്ലത്- യേശുദാസ്

പിന്നണി ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞത് ഇപ്പോഴും വിശ്വസിക്കാനാവാത്ത സംഗീത ആരാധകരുണ്ട്.സോഷ്യൽ മീഡിയകളിൽ എവിടെയും അദ്ദേഹത്തിനുള്ള കണ്ണീർ പ്രണാമങ്ങൾ ആണ്.പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഒരിക്കലും എളിമ കൈവിടാത്ത സംഗീത പ്രതിഭ ആയിരുന്നു അദ്ദേഹം എന്നാണ് ആരാധകർ പറയുന്നത്

ഒരു സഹപ്രവർത്തകൻ ആയിരുന്നില്ല തനിക്ക് ബാലുവെന്നും പ്രിയപ്പെട്ട അനുജൻ തന്നെയായിരുന്നുവെന്നും പറയുകയാണ് പ്രശസ്ത ഗായകൻ ഡോ.കെജെ യേശുദാസ്.ബാലുവിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആർക്കും ആ വിയോഗം താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ബാലു എത്രമേൽ എന്നെ സ്‌നേഹിച്ചിരുന്നു എന്നതു പറഞ്ഞറിയിക്കാനാകില്ല.അണ്ണാ എന്ന ആ വിളിയിൽ എല്ലാമുണ്ട്.ഒരമ്മയുടെ വയറ്റിൽ പിറന്നിട്ടില്ലന്നേയുള്ളൂ.ഞങ്ങൾ തമ്മിൽ മുജ്ജന്മത്തിലേ സഹോദരബന്ധമുണ്ടെന്നു തോന്നുന്നുവെന്നും അരനൂറ്റാണ്ടിലേറേയായുള്ള ബന്ധമാണ് ഞങ്ങൾ തമ്മിലെന്നും യേശുദാസ് വേദനയോടെ കൂട്ടിച്ചേർത്തു

ഇക്കാലമത്രയും പരസ്പരമുള്ള ആ സ്‌നേഹവും കരുതലും ആദരവും കൂടിക്കൂടി വന്നിട്ടേയുള്ളൂ.സിനിമയ്ക്കു വേണ്ടിയായാലും വേദികളിലായാലും ബാലുവിനൊപ്പം പാടുമ്പോൾ പ്രത്യേക എനർജിയാണ് രസമാണ്.പരസ്പരം കരുത്തുമായിരുന്നു.തങ്കത്തിൽ വൈരം എന്ന സിനിമയിൽ എൻകാതലീ യാർ സൊല്ലവാ എന്ന പാട്ടാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ചു പാടിയത്.ദളപതിയിലെ കാട്ടുക്കുയിൽ മനസുക്കുള്ളു എന്ന ഗാനമായിരുന്നു ഒരുമിച്ചു പാടിയ പ്രിയപ്പെട്ട ഗാനം.ഞങ്ങളുടെ ആത്മബന്ധത്തിന്റെ ഇഴയടുപ്പം ആ ഗാനത്തിലുമുണ്ടായിരുന്നു.ഒരുമിച്ച് ഏതു വേദിയിലെത്തിയാലും ആളുകൾക്ക് കേൾക്കേണ്ടിയിരുന്നതും ആ പാട്ടായിരുന്നുന്നും അദ്ദേഹം പറഞ്ഞു

പക്ഷേ കോവിഡ് മഹാമാരി നൽകിയ നഷ്ടങ്ങളുടെ കൂട്ടത്തിലെ വലിയ സങ്കടമായി ബാലു വിടപറഞ്ഞു.യുഎസിൽ നിന്നു പ്രായമേറിയവർക്ക് യാത്രാനുമതിയില്ല.ബാലുവിനെ അവസാനമായി ഒരു നോക്ക് കാണാനാകുന്നില്ല എന്ന വലിയ സങ്കടം ബാക്കിയാകുന്നു.പക്ഷേ ഒരർഥത്തിൽ ചലനമറ്റ ബാലുവിനെ കാണാതിരിക്കുന്നതാണ് നല്ലതെന്നും യേശുദാസ് പറഞ്ഞു