പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ യോഗി സര്‍ക്കാര്‍

ലഖ്‌നൗ. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കടുത്ത നടപടിയുമായി യുപിയില്‍ യോഗി സര്‍ക്കാര്‍. ഇത് സംബന്ധിച്ച് വിവിധ കേസുകളില്‍ പ്രതികളായവര്‍ക്ക് നോട്ടീസ് നല്‍കി തുടങ്ങി. പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിച്ചവരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് പോലീസ് നോട്ടീസ് നല്‍കിയത്.

നഷ്ടപരിഹാരമായി നല്‍കേണ്ട തുക പ്രതികള്‍ സര്‍ക്കാരില്‍ അടച്ചില്ലെങ്കില്‍ വസ്തുവകകള്‍ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കും. ആദ്യമായി 60 പേരില്‍ നിന്നും 57 ലക്ഷം രൂപയാണ് പിഴയായി ഈടാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. 2019ല്‍ നടന്ന സിഎഎ പ്രതിഷേധത്തില്‍ ഇവര്‍ സര്‍ക്കാര്‍ വസ്തുക്കള്‍ നശിപ്പിക്കുകയും പോലീസ് ജീപ്പിന് തീയിടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പോലീസിനെ ആക്രമിച്ച ആള്‍ക്കൂട്ടത്തിന് നേരെ പോലീസ് വെടിവെച്ചിരുന്നു. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിച്ച അക്രമികളുടെ സ്വത്തുക്കള്‍ കണ്ട് കെട്ടുമെന്ന് മുമ്പ് യോഗി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2000 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു.