ശാന്തിഗിരിയ്ക്കും മുണ്ടയ്ക്കൽ പുവർ ഹോമിനും യൂസഫലിയുടെ റംസാന്‍ സമ്മാനം

കൊല്ലം : സാധാരണക്കാര്‍ക്കും നിരാലംബര്‍ക്കും വേണ്ടി നിരന്തരം സഹായം എത്തിക്കുന്നതിലൂടെ ജീവകാരുണ്യത്തെ തന്നെ വ്രതമാക്കിയ മനുഷ്യസ്നേഹിയാണു യൂസഫലി എന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. കേരളത്തിന്റെ ബഹുസ്വരതയുടെ പ്രതീകമാണ് ലുലുഗ്രൂപ്പും അതിന്റെ സ്ഥാപനങ്ങളും. ശാന്തിഗിരി ആശ്രമവും ലുലുഗ്രൂപ്പും തമ്മിലുള്ള അഭേദ്യമായ ബന്ധം കേരളത്തിന്റെ ബഹുസ്വരതയുടെ ഒരു നേര്‍കാഴ്ചയാണ്.

ശാന്തിഗിരി ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലുലുഗ്രൂപ്പിന്റെ റമദാന്‍ വ്രതകാലത്തെ അന്നദാന സംഭാവന ഏറ്റുവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്വാമി. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, ഫെയർ എക്‌സ്‌പോര്‍ട്സ് ജനറല്‍ മാനേജര്‍ മുഹമ്മദ് റാഫി എന്നിവര്‍ ചേര്‍ന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയ്ക്ക് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കഴിഞ്ഞ വര്‍ഷം റംസാന്‍ മാസത്തിലും ശാന്തിഗിരിയില്‍ അന്നദാനത്തിനായി 10 ലക്ഷം രൂപ യൂസഫലി നല്‍കിയിരുന്നു.

തികഞ്ഞ മതവിശ്വാസികളായിരിക്കുമ്പോഴും മറ്റുള്ള എല്ലാവിശ്വാസങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന വ്യക്തിയാണ് പത്മശ്രീ ഡോ.എം എ യൂസഫലി. അദ്ദേഹം നമ്മുടെയൊക്കെ മനസ്സില്‍ സ്ഥാനം പിടിക്കുന്നതും അങ്ങനെ തന്നെയാണ്. മനുഷ്യനില്‍ ഊന്നിയുള്ള വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. ഒരു വ്യക്തി സമകാലിക സമൂഹത്തോട് ചേര്‍ന്നു നില്‍ക്കുന്ന പ്രതിസന്ധികളെ അതിജീവിച്ച് കഷ്ടപ്പാടുകള്‍ മനസ്സിലാക്കുകയും അവരിലൊരാളായി മാറുകയും പിന്നീട് അവരെ പോലെയുള്ള ആയിരങ്ങളെയും പതിനായിരങ്ങളെയും നെഞ്ചോടു ചേര്‍ക്കുന്ന വ്യക്തിത്വമായി അദ്ദേഹം മാറുകയുമാണെന്ന് സ്വാമി പറഞ്ഞു. പത്തുദിവസത്തെ അന്നദാനത്തിനുള്ള തുകയായാണ് യൂസുഫലി നല്‍കിയത്. ആശ്രമത്തില്‍ എത്തുന്ന സന്ദര്‍ശകരുള്‍പ്പെടെ നിരവധിപേര്‍ക്കാണ് സൗജന്യമായി അന്നദാനം നല്‍കുന്നത്. രാജ്യത്തുടനീളമുള്ള ആശ്രമം ബ്രാഞ്ചുകളിലും അത് തുടരുന്നു. 2006 മുതല്‍ എം.എ യൂസഫലിയുമായി താന്‍ അടുത്ത ബന്ധം പുലര്‍ത്തിവരുന്നതായി സ്വാമി പറഞ്ഞു. കഴിഞ്ഞ വര്‍ഷം റംസാന്‍ മാസത്തിലും ശാന്തിഗിരിയില്‍ അന്നദാനത്തിനായി 10 ലക്ഷം രൂപ യൂസഫലി നല്‍കിയിരുന്നു.

എട്ടാം വര്‍ഷവും പതിവ് തെറ്റിക്കാതെ കൊല്ലം മുണ്ടയ്ക്കല്‍ പുവര്‍ഹോമിന് എം.എ യൂസഫലിയുടെ കാരുണ്യസ്പര്‍ശം. പുവര്‍ ഹോമിലെ അമ്മമാര്‍ക്കും മറ്റ് അന്തേവാസികള്‍ക്കും റംസാന്‍ സമ്മാനമായി 25 ലക്ഷം രൂപയുടെ ധനസഹായം യൂസഫലി കൈമാറി. പുവര്‍ഹോമില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം ആകെ 105 അന്തേവാസികളാണുള്ളത്. എല്ലാവരുടെയും ഭക്ഷണത്തിനും, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും, പുതിയ കിടക്കകള്‍, ശുചിമുറികള്‍, ചികിത്സാ സൗകര്യങ്ങള്‍, മാനസികോല്ലാസത്തിനുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനുമായാണ് എട്ടാം വര്‍ഷവും മുടക്കമില്ലാതെ യൂസഫലി സഹായമെത്തിച്ചത്.

ഇതുവരെ 2 കോടി രൂപയുടെ ധനസഹായം യൂസഫലി പുവര്‍ഹോമിന് കൈമാറി. എം എ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ പുവര്‍ ഹോം സെക്രട്ടറി ഡോ.ഡി.ശ്രീകുമാറിന് 25 ലക്ഷം രൂപയുടെ ഡിഡി കൈമാറിയത്. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, പുവര്‍ഹോം മാനേജിംഗ് കമ്മിറ്റി അംഗവും കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജയന്‍, ഡിവിഷന്‍ കൗണ്‍സിലറും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സജീവ് സോമൻ, പുവര്‍ ഹോം സൂപ്രണ്ട് കെ. വല്‍സലന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മുണ്ടയ്ക്കല്‍ പുവർ ഹോമിന്‍റെ ശോചനീയാവസ്ഥ മാധ്യമങ്ങള്‍ വഴി അറിയാനിടയായതിന് പിന്നാലെയാണ് 2017ല്‍ എം എ യൂസഫലി 25 ലക്ഷം രൂപയുടെ ആദ്യ ധനസഹായം നല്‍കുന്നത്. കോവിഡ് പ്രതിസന്ധിഘട്ടത്തിലടക്കം ഇത് പുവര്‍ഹോമിന് വലിയ ആശ്വാസമാവുകയും ചെയ്തു.