പ്രണയം വീട്ടില്‍ അറിഞ്ഞതോടെ ബന്ധുവീട്ടിലേക്ക് മാറ്റി, 18കാരി അവിടെ നിന്നും ഒളിച്ചോടി

തൃക്കരിപ്പൂര്‍: പ്രണയം വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്ന് കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാനായി വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ച പതിനെട്ടുകാരി ഒടുവില്‍ കാമുകനൊപ്പം തന്നെ പോയി. ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് 18കാരി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനെട്ടുകാരിയെയാണ് 22കാരന്‍ കാമുകന്റെ കണ്ണില്‍ പെടാതാരിക്കാനായി തൃക്കരിപ്പൂരിന് സമീപത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റിയത്. തിങ്കളാഴ്ച വൈകുന്നേരം ബൈക്കില്‍ എത്തിയ കാമുകനൊപ്പം ഏവരുടെയും കണ്ണ് വെട്ടിച്ച് പെണ്‍കുട്ടി ഒളിച്ചോടുകയായിരുന്നു. ഈ മാസം പതിനെട്ട് മുതലാണ് വീട്ടുകാര്‍ പെണ്‍കുട്ടിയെ ബന്ധുവീട്ടിലാക്കിയത്.

കാമുകിയെ കുറിച്ച് വിവരം ഒന്നും ഇല്ലാതായതോടെ കാമുകന്‍ പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ കാമുകന്‍ യുവതിയുടെ പുതിയ വാസസ്ഥലം കണ്ടെത്തി. ബൈക്കില്‍ തൃക്കരിപ്പൂരില്‍ എത്തി, രാവിലെ മുതല്‍ വീട്ടു പരിസരത്ത് ചുറ്റി തിരിഞ്ഞ് നടന്ന യുവാവ് കാമുകിയെ സൂത്രത്തില്‍ സിഗ്നല്‍ നല്‍കി. ഒടുവില്‍ കാമുകി മറ്റാരും കാണാതെ ബന്ധുവീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി കാമുകനൊപ്പം മുങ്ങുകയായിരുന്നു.

യുവതിയെ കാണാതായതോടെ ബന്ധുക്കള്‍ വളപട്ടണത്തെ വീട്ടില്‍ വിവരമറിയിച്ചു. തുടര്‍ന്ന് യുവതിയുടെ സഹോദരന്‍ തൃക്കരിപ്പൂരിലെ വീട്ടിലെത്തി ബന്ധുക്കളുമായി ചെന്ന് ചന്തേര പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.