ഉത്തരാഖണ്ഡില്‍ 72 മണിക്കൂറായി മഴ തുടരുന്നു: 23 പേര്‍ മരിച്ചു, വ്യാപക നാശനഷ്ടം

നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ 72 മണിക്കൂറായി തുടരുന്ന കനത്ത മഴയില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. പല റോഡുകളും വെള്ളത്തില്‍ മുങ്ങി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസവും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

മഴ ശക്തമായതിനെ തുടര്‍ന്ന് നാനക് സാഗര്‍ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കി കളയുകയാണ്. നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. നൈനിറ്റാളിലെ രാംഘട്ടില്‍ മേഘവിസ്ഫോടനം ഉണ്ടായതായാണ് വിവരം.

അതേസമയം ബദരീനാഥ് തീര്‍ത്ഥാടനത്തിനെത്തിയ 2000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. രാംനഗര്‍ – റാണികെട്ട് റൂട്ടിലെ ലെമണ്‍ട്രീ റിസോട്ടില്‍ 100 പേര്‍ കുടുങ്ങി കിടക്കുന്നുവെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഉത്തരാഖാണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. കോശി നദി കര കവിഞ്ഞ് റിസോട്ടില്‍ വെള്ളം കയറുകയായിരുന്നു.