കക്കുകളി നാടകത്തെ അംഗീകരിക്കില്ല, ക്രിസ്ത്യൻ വിശ്വാസികൾക്കൊപ്പം രമേശ് ചെന്നിത്തല

ക്രിസ്ത്യൻ സന്യാസിമാരേ അപകീര്‍ത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല.ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്റെ മറവില്‍ ക്രൈസ്തവ സന്യസ്ത സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയാൻ മടിച്ച കാര്യമാണിപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരിക്കുന്നത്.

ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് എറ്റവും പവിത്രമായ ഒന്നാണ് സന്യസ്തം. ലോകം മുഴുവന്‍ സന്യസ്ത സമൂഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീ ശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ നൂറ്റാണ്ടുകളായി സന്യസ്തര്‍ നല്‍കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ തമസ്‌കരിക്കുകയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

ക്രൈസ്തവ സന്യസ്ത സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കക്കുകളി നാടകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മതമൈത്രി ദുര്‍ബലമാക്കുന്ന ഒന്നും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിശ്വാസങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണ് നാടകത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഞങ്ങള്‍ ആരും ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിരുമല്ല. എന്നാല്‍ ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ മറവില്‍ കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യങ്ങള്‍ സ്വയം വിലയിരിത്തി നാടകവുമായി ബന്ധപ്പെട്ടവര്‍തന്നെ നാടകം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു