സ്വന്തം സ്‌നേഹസീമയില്‍ ശരണ്യയ്ക്ക് ഇനി അന്തി ഉറങ്ങാം

തിരുവനന്തപുരം:മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ.അഭിനയത്തില്‍ തിളങ്ങി നില്‍ക്കവെയാണ് കാന്‍സര്‍ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്.ഇപ്പോള്‍ നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷം തളര്‍ന്നു കിടന്ന കട്ടിലില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്ത് എഴുന്നേറ്റിരിക്കുകയാണ് ശരണ്യ.തളര്‍ന്ന് കിടക്കുമ്പോഴും സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം ശരണ്യയുടെ ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ സ്‌നേഹിതരുടെ തണലില്‍ ശരണ്യയ്ക്ക് ആയി സ്‌നേഹ വീട് ഉയര്‍ന്നിരിക്കുകയാണ്.അര്‍ബുദം ബാധിച്ച് ദീര്‍ഘകാലം ചികിത്സയില്‍ കഴിഞ്ഞിരുന്ന സീരിയല്‍ താരം ശരണ്യയ്ക്ക് ചെമ്പഴന്തി അണിയൂരുള്ള സ്‌നേഹസീമ എന്ന വീടാണ് ഒരുങ്ങിയത്.വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് വെള്ളിയാഴ്ച നടന്നു.തളര്‍ന്ന് കിടന്നിടത്ത് തനിക്ക് താങ്ങായും തണലായും നിന്ന നടി സീമ ജി നായരോടുള്ള സ്‌നേഹം പുതിയ വീടിന്റേ പേരില്‍ ശരണ്യ ചേര്‍ത്തുവെച്ചു.

2012ല്‍ ഓണക്കാലത്ത് ഒരു സീരിയില്‍ സെറ്റില്‍ വെച്ച് ശരണ്യ തലകറങ്ങി വീഴുകയും സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തപ്പോഴാണ് ബ്രെയിന്‍ ട്യൂമര്‍ തിരിച്ചറിഞ്ഞത്.തുടര്‍ന്ന് നീണ്ട കാലത്തെ ചികിത്സകളുടെയും വേദനകളുടെയും കാലമായിരുന്നു നടിക്ക്.ഇതിനിടെ അഭിനയത്തിലേക്ക് ശരണ്യ വീണ്ടും മടങ്ങി എത്തിയെങ്കിലും വീണ്ടും രോഗം ഭീഷണിയായി.ഒമ്പതാം ശസ്ത്രക്രിയ നടന്ന സമയത്താണ് സീമ ജി നായര്‍ സോഷ്യല്‍ മീഡിയകളിലൂടെ ശരണ്യയുടെ അവസ്ഥ ഏവരെയും അറിയിക്കുന്നത്.ഇതോടെ നടിയുടെ ചികിത്സയ്ക്കും മറ്റുമായി നിരവധി പേരുടെ സഹായങ്ങള്‍ എത്തി.ദീര്‍ഘകാലമായി തിരുവനന്തപുരത്ത് വാടക വീട്ടില്‍ ആയിരുന്നു കണ്ണൂര്‍ സ്വദേശിയായ ശരണ്യയും അമ്മയും താമസിച്ചിരുന്നത്.ഉണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ ചികിത്സയ്ക്കായി ചിലവാക്കി.

അടുത്തിടെയാണ് ശരണ്യ തനിയെ നടക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ഒക്കെ വീഡിയോകള്‍ പുറത്ത് എത്തിയത്.നടിക്ക് വീട് ഒരുക്കാനും മുന്നിട്ടിറങ്ങിയത് സീമ ജി നായര്‍ ആയിരുന്നു.ലോകമെമ്പാടുമുള്ള മലയാളികള്‍ കയ്യഴിഞ്ഞ് സഹായിച്ചതോടെ ചെമ്പഴന്തിയില്‍ നാല് സെന്റ് സ്ഥലത്ത് രണ്ട് നില വീട് ഉയര്‍ന്നു.കഴിഞ്ഞ വിഷുവിന് പാലുകാച്ചല്‍ നിശ്ചയിച്ചിരുന്നതാണ്.എന്നാല്‍ അപ്പോഴേക്കും നടിക്ക് രോഗം മൂര്‍ച്ഛിച്ചു.ഇതോടെ പത്താമതും ശസ്ത്രക്രിയയ്ക്ക് വിധേയയായി.പുതിയ വീട്ടില്‍ ശരണ്യയും അമ്മയുമാണ് താമസം.നിര്‍മ്മാതാവ് രഞ്ജിത്ത്,നടന്‍ നന്ദു തുടങ്ങിയവര്‍ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തു.