58 വയസുകാരിയുടെ കണ്ണിൽ നിന്ന് 11 സെ. മീ നീളം വരുന്ന ജീവനുള്ള വിരയെ പുറത്തെടുത്തു

തിരുവനന്തപുരം . കണ്ണിൽ വേദനയും വീക്കവും വന്നതിനെ തുടർന്ന് ആശുപത്രിയിലെത്തിയ 58കാരിയുടെ കണ്ണിൽ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടന്ന എൻഡോസ്കോപ്പിയിലൂടെയാണ് 11 സെ. മീ നീളമുള്ള വിരയെ പുറത്തെടുത്തത്. 58കാരിയുടെ കണ്ണുകളെ ചലിപ്പിക്കുന്ന പേശികളിലായിരുന്നു വിര ഉണ്ടായിരുന്നത്.

രോഗിയുടെ വലതു കണ്ണിൽ ദിവസങ്ങളായി വേദനയും വീക്കവുമടക്കമുള്ള അസ്വസ്ഥതകൾ പ്രകടമായതോടെയാണ് ഇഎൻടി വിഭാഗത്തിലെത്തി പരിശോധന നടത്തുന്നത്. കണ്ണിന് ചുറ്റും പഴുപ്പ് കെട്ടികിടക്കുന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ അൾട്രാ സൗണ്ട് സ്കാൻ നടത്തിയതോടെ കണ്ണിനുള്ളിൽ ജീവനുള്ള വിരയുടെ സാന്നിദ്ധ്യം കണ്ടെത്തി. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുടർന്ന് വിരയെ പുറത്തെടുക്കുകയായിരുന്നു.

വളർത്തുമൃഗങ്ങളിലടക്കം കാണാറുള്ള ‘ഡയറോഫിലാരിയ’ എന്നയിനം വിരയെയാണ് രോഗിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തിരിക്കുന്നത്. കൊതുകുകളിലൂടെയാണ് ഇവ മനുഷ്യശരീരത്തിലെത്തുക. സാധാരണയായി ശരീരത്തിനുള്ളിലെത്തിയാൽ നശിക്കുന്ന ഇത്തരം വിരകൾ അപൂർവം സംഭവങ്ങളിൽ കണ്ണുകൾക്ക് ചുറ്റുമുള്ള ത്വക്കിനടിയിൽ വളരും എന്നാണ് ഡോക്ടർമാർ പറയുന്നത്.

ഇതിനിടെ പരവൂർ നെടുങ്ങോലം ബി.ആർ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ വർഷം സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൺപോളയിൽ തടിപ്പുണ്ടായി ആശുപത്രിയിലെത്തിയ ചാത്തന്നൂർ സ്വദേശിനിയായ യുവതിയുടെ കണ്ണിൽ നിന്ന് പതിനഞ്ച് സെന്റീമീറ്ററോളം നീളമുള്ള വിരയെയാണ് അന്ന് പുറത്തെടുത്തിരുന്നത്.