
‘രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷം രൂപയുടെ കാര്‍’ വാഗ്ദാനം ചെയ്ത സിനിമാക്കാരനെ പറ്റി സൂചന നൽകി നടി അഷിക അശോകന്‍ രംഗത്ത്. അടുത്തിടെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ ആഷിക് തുറന്നു പറഞ്ഞിരുന്നു. ‘മിസ്സിംഗ് ഗേള്‍’ എന്ന പുതിയ സിനിമയുടെ പ്രസ് മീറ്റിനിടെയാണ് അഷിക കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ പറ്റി പറഞ്ഞിരുന്നത്.
കാസ്റ്റിംഗ് കൗച്ചിനെതിരെ എന്ത് കൊണ്ട് പരാതി നൽകിയില്ല, ആരാണ് അയാള്‍? എന്നൊക്കെ ചോദിക്കുന്നവര്‍ക്ക് ഇപ്പോൾ മറുപടി നല്‍കിയിരിക്കുകയാണ് അഷിക. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിലാണ് അഷിക ഇതേ പറ്റി പ്രതികരിച്ചിരിക്കുന്നത്. പട്ടാമ്പിക്കാരനായ ഇയാളുടെ ഓഫീസ് കൊച്ചിയിലാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അഷിക ഇപ്പോള്‍.
കാസ്റ്റിംഗ് ഡയറക്ടര്‍ എന്ന് പറഞ്ഞാണ് ഇയാള്‍ അഷികയെ സമീപിക്കുന്നത്.’ഈ കാര്യത്തില്‍ ഒരു പരാതി കൊടുത്താല്‍ കൂടിപ്പോയാല്‍ എന്ത് സംഭവിക്കാനാണ്. പിന്നെ ഇങ്ങനെയുള്ള ആള്‍ക്കാരുടെ പിന്നാലെ പോകാന്‍ എനിക്ക് സമയമില്ല. കരിയറില്‍ വളരെ ഫോക്കസ് ചെയ്ത് നില്‍ക്കുന്ന സമയത്ത് എന്തിന് എന്റെ സമയം വെറുതെ പാഴാക്കുന്നു.’ ആഷിക് ചോദിക്കുന്നു.
‘എന്നെ കൊണ്ട് കൊടുക്കാന്‍ പറ്റുന്ന അവബോധം ഞാന്‍ എല്ലാവര്‍ക്കും കൊടുത്തു കഴിഞ്ഞു. ഇത് കേള്‍ക്കുന്ന എല്ലാവര്‍ക്കും മനസിലാകും ഇത് ആരാണെന്നും, ഇത് എന്താണെന്നും. ഇത് ആരാണെന്ന് മനസിലായ ഒരുപാട് പേര്‍ എനിക്ക് ഇതിനകം മെസേജ് അയച്ചിട്ടുണ്ട്. ആള് പട്ടാമ്പിക്കാരനായ വ്യക്തിയാണ്. ഇയാളുടെ പേര് ഞാന്‍ പറയുന്നില്ല. സിയോണ്‍ ക്രിയേഷന്‍സ് എന്ന പറയുന്നതാണ് ഇയാളുടെ ഏജന്‍സി. കൊച്ചിയിലാണ് ഓഫീസ്. കാസ്റ്റിംഗ് ചെയ്യപ്പെടുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്’ അഷിക പറഞ്ഞിരിക്കുന്നു.
ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോൾ നേരിട്ട അനുഭവത്തെ കുറിച്ചാണ് അഷിക നേരത്തെ വെളിപ്പെടുത്തിയിരുന്നത്. കാസ്റ്റിങ് കോർഡിനേറ്റററെന്ന് പറഞ്ഞ് പരിചയപ്പെട്ട ഒരാളിൽ നിന്നാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും അഷിക പറഞ്ഞിരുന്നു. രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷം രൂപയുടെ കാര്‍ വാങ്ങിത്തരാം എന്നായിരുന്നു അഷികക്ക് നൽകിയ വാഗ്ദാനം.
‘സിനിമയുടെ ഷൂട്ട് പൊള്ളാച്ചിയില്‍ നടക്കുന്നതിനിടെ രാത്രിരണ്ടു മണിയൊക്കെ ആവുമ്പോൾ അയാൾ വന്നു വാതിലിൽ മുട്ടും. വല്ലാത്ത ശല്യമായിരുന്നു. മാനസികമായും വല്ലാതെ ബുദ്ധിമുട്ടിച്ചു. ഞാൻ കാരവാനിൽ ഇരിക്കുമ്പോൾ അയാൾ അടുത്തുവന്നു, ‘അഷിക ഒരു രണ്ടു മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ ഒരു കാര്‍ ഞാന്‍ ഒരു മാസത്തിനുള്ളില്‍ വാങ്ങി തരാമെന്ന്’ പറഞ്ഞു. അയാളോടൊക്കെ എന്തു പറയാനാണ്. ഒന്നു കൊടുത്തിട്ട് ഇറങ്ങി വരാന്‍ അറിയാഞ്ഞിട്ടല്ല. സിനിമ ഒരു പാഷനാണ്, അല്ലാതെ നിവൃത്തികേടല്ല. സിനിമയെ ബഹുമാനിക്കുന്ന നിരവധി പേരുണ്ട്. അതിനിടയിൽ നാണമില്ലാത്ത കുറച്ചുപേർ മാത്രമേ ഇതുപോലെ പെരുമാറൂ. ഇതെന്റെ സ്വപ്നമാണ്’ അഷിക പറഞ്ഞിരുന്നു.