പോലീസ് ഉദ്യോഗസ്ഥരുടെ മർദ്ദനം സഹിക്കാൻ കഴിയാതെയാണ് നൗഷാദിനെ കൊന്നുവെന്ന് പറഞ്ഞത് , ​ഗുരുതര ആരോപണവുമായി അഫ്സാന

പൊലീസിനെതിരെ ആരോപണങ്ങളുമായി പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്‌സാന. കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റെന്നും നൗഷാദിനെ കൊന്നെന്ന് പൊലീസ് മർദ്ദിച്ച് പറയിപ്പിച്ചതാണെന്നും അഫ്‌സാന ആരോപിച്ചു. പൊലീസ് പറഞ്ഞ സ്ഥലമാണ് മൃതദേഹം കുഴിച്ചിട്ടെന്ന നിലയിൽ കാണിച്ചു കൊടുത്തതെന്നും അഫ്‌സാന പറഞ്ഞു. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. പെപ്പർ സ്‌പ്രേ ഉൾപ്പെടെ പ്രയോഗിച്ചുവെന്നും വനിതാ പോലീസ് ഉദ്യോഗസ്ഥരും തന്നെ മർദ്ദിച്ചതായും സഹിക്കാൻ കഴിയാതെയാണ് ഭർത്താവിനെ കൊന്നുവെന്ന് സമ്മതിച്ചതെന്നും അഫ്‌സാന പറഞ്ഞു.

ജാമ്യത്തിലിറങ്ങിയ ശേഷമാണ് അഫ്‌സാനയുടെ പ്രതികരണം. നൗഷാദിന് മാനസിക വൈകല്യമുണ്ടെന്നും അഫ്‌സാന ആരോപിച്ചു. എന്തിനാണ് നാടുവിട്ടതെന്ന് അറിയില്ല. നേരത്തെ നിരന്തരം മദ്യപിച്ച് തന്നെ മർദ്ദിച്ചിരുന്നുവെന്നും അവർ ആരോപിച്ചു. ഭർത്താവ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ കൊന്നുവെന്ന അഫ്സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ജയിൽ മോചിതയുമായി. പിന്നാലെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ പൊലീസിനെതിരെ ആരോപണങ്ങളുന്നയിച്ചത്.

അഫ്‌സാന കൊന്നു കുഴിച്ചുമൂടിയെന്ന് പറഞ്ഞ നൗഷാദിനെ കഴിഞ്ഞ ദിവസം തൊടുപുഴ തൊമ്മൻകുത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഒന്നര വർഷം മുമ്പ് കാണാതായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടി എന്നായിരുന്നു അഫ്‌സാനയുടെ മൊഴി. തുടർന്ന് മൃതദേഹം കണ്ടെത്താനായി പൊലീസ് പലയിടത്തും പരിശോധന നടത്തുകയും ചെയ്തു. വാർത്തകൾക്കിടെയാണ് നൗഷാദിനെ കണ്ടെത്തിയത്. ഭാര്യയുമായി പിണങ്ങിയാണ് നാടുവിട്ടതെന്ന് നൗഷാദ് പറയുകയുണ്ടായി. അഫ്‌സാന പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു.

ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു അഫ്‌സാന പൊലീസിന് കഴിഞ്ഞ ദിവസം നൽകിയ മൊഴി. പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് താൻ നൗഷാദിനെ തലക്കടിച്ച് കൊന്നതെന്നായിരുന്നു അഫ്‌സാന പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അസ്ഥാനത്തിൽ പൊലീസ് അഫ്‌സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. തുടർന്ന് റിമാൻഡിലായ അഫ്‌സാന അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുകയായിരുന്നു.

മൃതദേഹത്തിനായി പരുത്തിപ്പാറയിൽ ഇവർ താമസിച്ചിരുന്ന വാടക വീടിനടുത്ത് പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച ട്വിസ്റ്റുണ്ടായത്. കലഞ്ഞൂർ സ്വദേശിയായ നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. ഭാര്യയെ ഭയന്ന് നാടുവിട്ട് പോകുകയായിരുന്നുവെന്നായിരുന്നു നൗഷാദിന്റെ മൊഴി. അഫ്‌സനായ്ക്ക് എതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. എന്നാൽ കബളിപ്പിച്ചുവെന്ന കേസുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.