കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തി. ഉച്ചയ്ക്ക് 1.40 ഓടെ ചെന്നൈയിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, ബിജെപി നേതാക്കള്‍ എന്നിവര്‍ സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയ അമിത് ഷാ വാഹനത്തില്‍ നിന്ന് നിന്നിറങ്ങി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തമിഴ്‌നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകളായിട്ടാണ് അമിത് ഷാ ചെന്നൈയില്‍ എത്തുന്നത്.

തമിഴ് ചലച്ചിത്ര താരം രജനികാന്തുമായുള്ള അമിത്ഷായുടെ കൂടിക്കാഴ്ച നീണ്ടുപോയേക്കുമെന്നാണ് വിവരം. എപ്പോഴാണ് കൂടിക്കാഴ്ചയുണ്ടാവുക എന്നത് സംബന്ധിച്ച് ഇരുരുടേയും ഓഫീസുകള്‍ ഇതുവരെ സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം തമിഴ് ചലച്ചിത്ര താരം രജനികാന്തിനെ ബി.ജെ.പിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തുക.

വേല്‍ യാത്ര അവസാനിക്കുന്ന ഡിസംബര്‍ ആറിന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ രജനികാന്തിന്റെ ബി.ജെ.പി പ്രവേശനം സാധ്യമാക്കാനാണ് ശ്രമം. രജനികാന്ത് ബിജെപി പാളയത്തില്‍ ചേക്കേറിയാല്‍ അത് ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്ക് പുറത്തേയ്ക്ക് സ്വാധീനം വര്‍ധിപ്പിക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്ക് സുപ്രധാനമാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന്‍ നയിച്ച വേല്‍ യാത്ര കോടതി തടയുകയും നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം അമിത് ഷാ നിര്‍ണായക രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കും. ബിജെപി യോഗത്തിന് ശേഷം അമിത് ഷാ പങ്കെടുക്കുന്ന എന്‍ഡിഎ യോഗത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ സ്റ്റാലിനുമായി ഇടഞ്ഞുനില്‍ക്കുന്ന അളഗിരി അമിത് ഷാ യുമായി നാളെ കൂടിക്കാഴ്ച നടത്താനാണ് സാധ്യത. .ഇതിനിടെ അളഗിരിയുടെ അടുത്ത അനുയായിയും മുന്‍ ഡിഎംകെ എംപിയുമായ കെപി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു.