ഗോഡ്‌സെ ഒരു മതഭ്രാന്തൻ, എല്ലും തോലും മാത്രമായ വൃദ്ധ ദേഹിയെ വെടി ഉതിർത്തു കൊന്ന നരാധമൻ- അഞ്ജു പാർവതി പ്രഭീഷ്

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിനെതിരെ എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ പ്രതിഷേധം. പരാമര്‍ശം മനപ്പൂര്‍വം ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണെന്ന് ചൂണ്ടിക്കാട്ടി ഐപിസി 153 വകുപ്പ് പ്രകാരം എന്‍ഐടി പ്രൊഫസര്‍ക്കെതിരെ കേസെടുത്തു. തനിക്ക് നേരിട്ട് ഒരു ദ്രോഹവും ചെയ്യാത്ത ഒരു വൃദ്ധനെ ക്രൂരമായി വെടി വച്ച് കൊന്ന ഒരുവൻ ആർക്കൊക്കെ ഹീറോ ആവുന്നുവോ അവരൊക്കെ പ്രാകൃതമായ മതഭ്രാന്ത്‌ ഉള്ളിൽ പേറുന്നവരാണെന്ന് പറയുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്

കുറിപ്പിങ്ങനെ

NIT പ്രൊഫസർ ആണ്. പക്ഷേ മതഭ്രാന്ത് തലയ്ക്ക് പിടിച്ചാൽ സാക്ഷാൽ ആണ്ടവൻ വരെ നിസ്സഹായനായി തീരും ഇവർക്ക് മുന്നിൽ. അഭിപ്രായസ്വാതന്ത്ര്യം ഏവർക്കും ഉണ്ട് എന്നത് സത്യം. പക്ഷേ ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനം എന്ന് എഴുതുമ്പോൾ അവർ ഓർത്തില്ല NIT പോലുള്ള ഒരു വലിയ സ്ഥാപനത്തിൽ എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന പ്രൊഫസർ ആണ് താനെന്ന യാഥാർഥ്യം. ഇതേ ചിന്താഗതി പേറുന്ന ഒരുപാട് ആളുകൾ എനിക്ക് ചുറ്റിലും സൗഹൃദ ലിസ്റ്റിലും ഒക്കെ ഉണ്ടെന്ന് അറിയാം. അവരോട് സഹതാപം മാത്രം.

എന്നെ സംബന്ധിച്ച് അന്നും ഇന്നും എന്നും ഗോഡ്‌സെ എന്ന വ്യക്തി ഒരു മതഭ്രാന്തൻ മാത്രമാണ്. എല്ലും തോലും മാത്രമായ ഒരു വൃദ്ധ ദേഹിയെ വെടി ഉതിർത്തു കൊന്ന നരാധമൻ. ഗാന്ധിജി ശരിയോ തെറ്റോ എന്ന വിചാരണ തുടരട്ടെ!! പക്ഷേ ഏത് വിചാരണയ്‌ക്കൊടുവിലും നിഷേധിക്കുവാൻ കഴിയാത്ത ഒന്നുണ്ട് – ഗാന്ധിജി വയസ്സായി മരിച്ചത് അല്ല. കൊന്നതാണ്, അതിക്രൂരമായി, അകാരണമായി!! തനിക്ക് നേരിട്ട് ഒരു ദ്രോഹവും ചെയ്യാത്ത ഒരു വൃദ്ധനെ ക്രൂരമായി വെടി വച്ച് കൊന്ന ഒരുവൻ ആർക്കൊക്കെ ഹീറോ ആവുന്നുവോ അവരൊക്കെ പ്രാകൃതമായ മതഭ്രാന്ത്‌ ഉള്ളിൽ പേറുന്നവരാണ്.

സനാതന ധർമ്മത്തെ ശരിയായി ധരിച്ചവർക്ക് ഒരിക്കലും ഹിംസ ഹീറോയിക് ആക്ട് അല്ല. ഇതിന്റെ പേരിൽ ഒരു ചർച്ചക്ക് താല്പര്യം ഇല്ല. ഇത് എന്റെ തീർത്തും സ്വകാര്യമായ അഭിപ്രായം. ഈ അഭിപ്രായത്തിന്റെ പേരിൽ സൗഹൃദം ഉപേക്ഷിക്കാൻ താല്പര്യം ഉള്ളവർക്ക് അതാവാം.