ഉച്ചയ്ക്കുശേഷം അരിക്കൊമ്പനെ മയക്കുവെടിവയ്ക്കും, കമ്പത്ത് 144 പ്രഖ്യാപിച്ചു

കമ്പം. കമ്പം ടൗണില്‍ ഭീതി പടര്‍ത്തിയ അരിക്കൊമ്പനെ ഇന്ന് ഉച്ചയ്ക്ക് ശേഷം മയക്കുവെടിവയ്ക്കുമെന്ന് തമിഴ്‌നാട് വനം വകുപ്പ്.ഇതിനായി ഹൊസൂരില്‍ നിന്നും മധുരയില്‍ നിന്നും രണ്ട് വൈറ്ററിനറി വിദഗ്ധരെ കമ്പത്തെത്തിക്കും. കുങ്കിയാനകള്‍ പുറപ്പെട്ടു. മൂന്ന് മണിയോടെ ഓപ്പറേഷന്‍ അരിക്കൊമ്പന്‍ തുടങ്ങുവനാണ് തീരുമാനം.

ദൗത്യത്തിന് ശേഷം ആനയുടെ ആരോഗ്യ നില പരിശോധിച്ച് ഉള്‍വനത്തിലേക്ക് കൊണ്ടുപോകുവനാണ് തീരുമാനിച്ചിരിക്കുന്നത്. ആനയെ പിടികൂടുന്നത് സംബന്ധിച്ച് വനംമന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിനും ചര്‍ച്ച നടത്തി. ആനയെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ പിടിച്ച് മാറ്റുവാന്‍ എംകെ സ്റ്റാലിന്‍ നിര്‍ദേശിച്ചു. ഇന്ന് രാവിലെയാണ് കമ്പം ടൗണില്‍ ആന എത്തിയത്.

നിരവധി വാഹനങ്ങള്‍ ആന തകര്‍ത്തു. പ്രധാന റോഡിലൂടെ ആന ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം കമ്പം ടൗണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ടൗണില്‍ നിന്നും മാറി മൂന്ന് കിലോമീറ്റര്‍ അടുത്തുള്ള ഒരു തോട്ടത്തിലാണ് നിലവില്‍ ആന. ആനയുടെ പരാക്രമം ജനജീവിതത്തെ ബാധിച്ചതോടെയാണ് മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ചത്.