പോസ്റ്റ് പാർട്ടം ഡിപ്രഷൻ ഉണ്ടായി, രണ്ടാമതൊരു കുട്ടി വേണ്ട എന്ന് ചിന്തിച്ചു- അശ്വതി ശ്രീകാന്ത്

മലയാളിയുടെ ടെലിവിഷൻ അവതാരകരിൽ പ്രിയ മുഖങ്ങളിൽ ഒന്നാണ് അശ്വതി ശ്രീകാന്തിന്റേത്. കോമഡി സൂപ്പർ നൈറ്റിലൂടെ മലയാളികൾക്ക് പരിചിതമായ മുഖം. തന്റേയും മക്കളുടേയും വിശേഷങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി.‘ബേബി കെയറിങ്ങിന്റെ’ നല്ല പാഠങ്ങളും പലപ്പോഴായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അമ്മയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചെറിയ ടിപ്സുകളും അശ്വതി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ‌

ആദ്യത്തെ പ്രസവ സമയത്തും തനിക്ക് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ഉണ്ടായിട്ടുണ്ടെന്ന് അശ്വതി പറയുന്നു. ഒരു വർഷത്തിൽ കൂടുതൽ നിലനിന്നു. രണ്ടാമത്തെ പ്രസവത്തിൽ കുറച്ച് കൂടെ മാനേജബിൾ ആയിരുന്നു. ഞാൻ തയ്യാറെടുപ്പ് നടത്തി. എന്തൊക്കെ തയ്യാറെടുപ്പ് നടത്തിയാലും ഇത് വരാനുള്ള സാധ്യതയുണ്ട്. പക്ഷെ വന്ന് കഴിഞ്ഞാൽ‌ എന്തൊക്കെ ചെയ്യാം എന്നതിൽ അവെയ്ർ ആയിരുന്നു. ആദ്യത്തെ കുഞ്ഞ് ജനിച്ച് പോസ്റ്റ് പോർട്ടം ഡിപ്രഷൻ വന്നതിനാലും കരിയറിൽ മികച്ച സമയത്തായതിനാലും ഇനിയൊരു കുട്ടി എന്ന തീരുമാനത്തിലെത്താൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു, പല ഘട്ടങ്ങളിലും വേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട്.

പക്ഷെ ചില മുറിവുകൾ നമ്മൾ ഹീൽ ചെയ്യും. പല കാര്യങ്ങളിലും അവെയർനെസ് കിട്ടും. എന്നിട്ടും രണ്ടാമത്തെ കുഞ്ഞ് എന്ന തീരുമാനത്തിലേത്താൻ എട്ട് വർഷം എടുത്തു. പക്ഷെ ആ സമയമാകുമ്പോഴേക്കും ഇനി എനിക്ക് പറ്റും എന്ന് ഉറപ്പായിരുന്നു. പ്രൊ​ഗ്നനൻസി തൊട്ട് എല്ലാ കാര്യങ്ങളിലും എനിക്ക് തന്നെ തീരുമാനം എടുക്കാൻ പറ്റുന്ന സ്പേസിൽ നിന്നാണ് രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭം ധരിച്ചത്. എന്നെ സന്തോഷിപ്പിക്കാനുള്ള കാര്യങ്ങളൊക്കെ എനിക്ക് ഒരുക്കി വെക്കാൻ പറ്റുന്ന സാഹചര്യത്തിലായിരുന്നു രണ്ടാമത്തെ കുഞ്ഞ്.

എന്റെ സന്തോഷത്തിന്റെ താക്കോൽ എന്റെ കൈയിൽ ആയിരുന്നു. അത് തനിക്ക് വളരെയധികം ഉപകരിച്ചു. സോഷ്യൽ പ്രഷറിന്റെ പേരിലോ വേറെന്തെങ്കിലും ഘടകങ്ങളുടെ പേരിലോ ആയിരിക്കരുത് കുഞ്ഞെന്ന തീരുമാനമെന്ന് ഞാൻ ഇപ്പോഴത്തെ കുട്ടികളോട് പറയാറുണ്ട്. ശാരീരികമായും മാനസികമായും സാമ്പത്തികമായും അതിന് തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടെന്നും അശ്വതി ശ്രീകാന്ത് വ്യക്തമാക്കി.