ജയിൽ മോചിതനായെങ്കിലും ജന്മനാട്ടിലെത്തണമെന്ന ആ​ഗ്രഹം ബാക്കിയാക്കി അറ്റ്ലസ് രാമചന്ദ്രൻ യാത്രയായി

വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ അന്തരിച്ച് അറ്റ്ലസ് രാമചന്ദ്രന്റെ അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച (ഇന്ന്) ദുബായിൽ നടക്കും. ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന ജൂവലറി പരസ്യമാണ് ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ് കീഴടക്കിയത്. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം. ഏറെനാളായി വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.

കേരളത്തിലേക്ക് വരാനും തന്റെ ജന്മ നാട് കാണാനും വീട്ടിൽ വരാനും അറ്റ്ലസ് രാമചന്ദ്രൻ ഏറെ കൊതിച്ചിരുന്നു. എന്നാൽ യു.എ.ഇ നിയമം അദ്ദേഹത്തിനു തടസം ആവുകയായിരുന്നു. യു.എ.ഇയിൽ കേസുകൾ നിലനില്ക്കുന്നതിനാൽ ആ രാജ്യം വിട്ട് പോകാൻ അദ്ദേഹത്തേ അനുവദിച്ചില്ല. യു എ ഇ നിയമം അനുസരിച്ചായിരുന്നു ഇത്. അതിനാൽ തന്നെ സഹസ്ര കോടീശ്വരൻ ആയിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ വേർപാട് സ്വഭവനത്തിലേക്ക് ഒന്ന് വരാൻ പോലും സാധിക്കാത്ത സ്വപ്നങ്ങൾ ബാക്കി വയ്ച്ചായിരുന്നു. ഏത് ഇന്റർവ്യൂവിലും സമീപ ദിവസങ്ങളിൽ പോലും താനും തന്റെ ബിസിനസും തിരിച്ച് വരും എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ അതിനും അവസാനമായി

ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണം സംഭവിക്കുക ആയിരുന്നു. മരണ സമയത്ത് ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു.

വൈശാലി, വാസ്തുഹാര, ധനം,സുകൃതം, തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡിങ്, 2 ഹരിഹർ നഗർ തുടങ്ങി 13 സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഹോളിഡെയ്‌സ് എന്ന ഒരു സിനിമ സംവിധാനം ചെയ്തു. ഇന്നലെ, കൗരവർ, വെങ്കലും തുടങ്ങിയവ വിതരണം ചെയ്തു. 2015ൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. കേസ് അവസാനിക്കാത്തതിനാൽ യു.എ.ഇ വിട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ജയിൽ മോചിതനായ ശേഷം കേരളത്തിലെത്താൻ സാധിച്ചിരുന്നില്ല. ജന്മനാടണയണമെന്നുള്ള മോഹം ബാക്കിയാക്കി അദ്ദേഹം യാത്രയാവുകയായിരുന്നു.