നേരിട്ട് ഒരു അന്ത്യ ചുംബനം പോലും നല്‍കാനായില്ല, അച്ഛനും അമ്മയ്ക്കും നെഞ്ച്‌പൊട്ടി വിട പറഞ്ഞ് കരുന്നുകള്‍

കണ്ണൂര്‍: ബിജോ മൈക്കിളും റെജീനയും വിടപറഞ്ഞതോടെ തനിച്ചായത് രണ്ട് മക്കളാണ്. എബിനും എറിനും കരഞ്ഞ് തളര്‍ന്നിരുന്നു. കണ്ണൂര്‍ മുണ്ടക്കയത്ത് ആംബുലന്‍സ് അപകടത്തിലാണ് ബിജോ മൈക്കിളും റെജീനയും മരിച്ചത്. ഇന്നലെ നടന്ന സംസ്‌കാര ചടങ്ങിന് എത്തിയവര്‍ക്ക് എബിന്റെയും എറിന്റെയും കണ്ണുനീര്‍ കണ്ടു നില്‍ക്കാന്‍ ആയില്ല. പതിനൊന്നും അഞ്ചും വയസുള്ള കരുന്നുകളുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു. ഒറ്റ രാത്രി കൊണ്ട് ഒറ്റക്കായി പോവുകയായിരുന്നു ആ കുരുന്നുകള്‍.

പൊട്ടന്‍ പ്ലാവ് സെന്റ് ജോസഫ്‌സ് പള്ളിയില്‍ അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്നതിനിടെ ബിജോയുടെ സഹോദരി മിനിയുടെ തോളില്‍ തളര്‍ന്ന് കിടക്കുകയായിരുന്നു എബിന്‍. അരികില്‍ രണ്ട് പെട്ടികളില്‍ അച്ഛനും അമ്മയും. ആ കാഴ്ച കാണാന്‍ താത്പര്യമില്ലാഞ്ഞിട്ടാകാം, അവന്‍ അങ്ങോട്ട് നോക്കിയതേയില്ല. അടുത്ത ബന്ധുക്കളും കന്യാസ്ത്രീകളും ചേര്‍ത്ത് നിര്‍ത്തിയാണ് എറിനെ ആശ്വസിപ്പിച്ചത്.

പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം രണ്ട് ആംബുലന്‍സുകളിലായിട്ടാണ് ബിജോയുടെയും റെജീനയുടെയും മൃതദേഹങ്ങള്‍ സെമിത്തേരിയിലേക്ക് കൊണ്ടുപോയത്. ആ തണുത്തു വിറച്ച നെറ്റിയില്‍ നേരിട്ട് ഒരു ചുംബനം നല്‍കാന്‍ പോലും ഉറ്റവര്‍ക്കും ഉടയവര്‍ക്കുമായില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ടിഷ്യു പേപ്പര്‍ നേര്‍ത്ത അകലത്തിനപ്പുറം വെച്ചാണ് അന്ത്യചുംബനം നല്‍കിയത്. അച്ഛന്‍ മൈക്കിള്‍ അന്ത്യവിശ്രമംകൊള്ളുന്ന വെട്ടിക്കുഴിയില്‍ കുടുംബ കല്ലറയിലേക്ക് ആദ്യം ബിജോയുടെയും തൊട്ടുപിന്നാലെ റെജീനയുടെയും മൃതദേഹങ്ങള്‍ വെച്ച് മണ്ണിട്ടു.