ആലത്തൂരിലെ BJP സ്ഥാനാർത്ഥിയെ കണ്ടു നടുങ്ങി SFI, നേതാക്കൾ ചിതയൊരുക്കി യാത്രയപ്പ് നൽകിയ പ്രിൻസിപ്പൽ

കേരളത്തിൽ ബിജെപിയുടെ അവസാന സ്ഥാനാർത്ഥി പട്ടിക കൂടി പുറത്തു വരുമ്പോൾ ഏറെ ശ്രദ്ദേയമാകുകയാണ് ആലത്തൂരിലെ സ്ഥാനാർഥി.ആലത്തൂർ ലോക്‌സഭാമണ്ഡലത്തിൽ എൻ.ഡി.എ.യുടെ സ്ഥാനാർഥിയായി എത്തുന്നത് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ടി.എൻ. സരസു ആണ്.ഇനി എന്ത് കൊണ്ടാണ് ഈ സ്ഥാനാർഥി ഇത്രയേറെ ശ്രദ്ദേയമാകാൻ കാരണം എന്ത് എന്ന് ചോദിച്ചാൽ അതിനും കാരണമുണ്ട്,മുൻപ് ഒരിക്കൽ പാലക്കാട് വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ പ്രതീകാത്മക ചിതയൊരുക്കി യാത്രയപ്പ് നൽകിയ പ്രിൻസിപ്പൽ ആണ് ആലത്തൂർ ലോക്‌സഭാമണ്ഡലത്തിൽ എൻ.ഡി.എ.യുടെ സ്ഥാനാർഥിയായി എത്തുന്ന ഡോ. ടി. എൻ സരസു എന്നത് തന്നെയാണ് .

വയനാട് പൂക്കോട് കാമ്പസിലെ സിദ്ധാർത്ഥന്റെ മരണത്തെത്തുടർന്ന് സംസ്ഥാനത്തെ കാമ്പസുകളിൽ എസ്.എഫ്.ഐയുടെ പ്രവർത്തനങ്ങൾക്ക് എതിരെ വ്യാപകമായി ചർച്ച നടക്കുന്ന സമയത്താണ് അതെ സംഘടനയെ പ്രതിക്കൂട്ടിൽ നിർത്തിയ പ്രവർത്തിക്ക് ഇരയായ അധ്യാപികയെ ബിജെപിസ്ഥാനാർത്ഥിയാക്കുന്നത്. മാത്രമല്ല ഇത് പട്ടികജാതി സംവരണ മണ്ഡലം കൂടിയാണ് എന്നതും ശ്രദ്ധേയമാണ്.സരസു ടീച്ചര്‍ വിരമിച്ച വേളയില്‍ എസ്എഫ്ഐ പ്രവർത്തകർ കോളേജില്‍ പ്രതീകാത്മക ശവക്കല്ലറയൊരുക്കി റീത്ത് വെച്ചിരുന്നു. ഇത് ഇടത് സംഘടനയിലെ അദ്ധ്യാപകര്‍ എസ്.എഫ്.ഐ പ്രവർത്തകരായ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചതാണെന്ന് ടീച്ചര്‍ ആരോപിച്ചിരുന്നു.

25 വർഷം അധ്യാപികയായി ജോലിശേഷം തിരികെ വിക്ടോറിയ കോളേജിലേക്ക് പ്രിൻസിപ്പാൾ ആയി എത്തിയ അവർ ഒരു വർഷത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ച 2016 മാർച്ച് 31 നാണ് കോളേജ് കാമ്പസിൽ ചിതയൊരുക്കി യാത്രയപ്പ് നൽകിയത്. കാമ്പസിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിലനിന്ന നിരന്തര തർക്കമാണ് ഇതിലേക്ക് ഇടയാക്കിയത്.താന്‍ അദ്ധ്യാപക സംഘടനയ്ക്കോ കുട്ടികള്‍ക്കോ ഒരു ദോഷവും ചെയ്തിട്ടല്ലെന്നും മറിച്ച് ഒരുപാട് നല്ല കാര്യങ്ങള്‍ താന്‍ കോളേജിന് വേണ്ടി ചെയ്തിട്ടുണ്ടെന്നും അന്നൊന്നും എസ്.എഫ്.ഐ അതിന് കൂട്ട് നിന്നില്ലെന്നും ടീച്ചര്‍ വിമര്‍ശിച്ചിരുന്നു.തൃശ്ശൂർ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശിയാണ്. ബി.ജെ.പി. ദേശീയനേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

1987-ൽ പാലക്കാട് ഗവ. കോളേജിൽ സുവോളജി വിഭാഗം അധ്യാപികയായാണ് തുടക്കം. ഇതോടൊപ്പം 1988-ൽ എൻ.സി.സി. കമ്മിഷൻഡ് ഓഫീസറായി. 22 വർഷം എൻ.സി.സിയുടെ ചുമതല വഹിച്ച ഇവർ പിന്നീട് മേജർ പദവിയിലെത്തി. 2013-14 കാലയളവിൽ കൊടുങ്ങല്ലൂർ കെ.കെ.ടി.എം. ഗവ. കോളേജിൽ റീഡറായും പ്രവർത്തിച്ചു. 2014 മുതൽ 2015 വരെ തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലായിരുന്നു. 2015-ലാണ് പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ പ്രിൻസിപ്പലായി ചുമതലയേൽക്കുന്നത്.

2016 മാർച്ചിലാണ് വിരമിച്ചത്. വിരമിക്കുന്ന ദിവസം കോളേജുമുറ്റത്ത് ഒരു വിദ്യാർഥിസംഘടന പ്രിൻസിപ്പലിന്റെ കുഴിമാടം ഒരുക്കി റീത്തുവെച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ നിറഞ്ഞിരുന്നു. എസ്.എഫ്.ഐ. പ്രവർത്തകരും ഇടതുപക്ഷ അനുകൂല അധ്യാപകസംഘടനയുമാണ് കുഴിമാടം ഒരുക്കിയതിനുപിന്നിലെന്ന്‌ പ്രിൻസിപ്പൽ ആരോപിച്ചിരുന്നു. പ്രൻസിപ്പലിനെ അപമാനിച്ചെന്ന പരാതിയിൽ 15 പേർക്കെതിരേ കേസെടുക്കുകയും നാല് എസ്.എഫ്.ഐ. പ്രവർത്തകരെ വൈകാതെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലം ആലത്തൂരായി മാറിയത് 2009ലാണ്.

പാര്‍ട്ടി ചിഹ്‌നത്തില്‍ ആര് നിന്നാലും ജയിപ്പിച്ചു വിടാന്‍ തക്ക ശക്തമായ സംഘടനാ സംവിധാനമുണ്ടെന്നു സി.പി.എം. സ്വകാര്യമായി അഹങ്കരിച്ച മണ്ഡലം. പി.കെ. ബിജുവിനെ 2009 ലും 2014 ലും മികച്ച ഭൂരിപക്ഷത്തിനു ഡല്‍ഹിക്കുവിട്ടത് ആലത്തൂരായിരുന്നു. 2019 ല്‍ ഹാട്രിക് ലക്ഷ്യമിട്ടിറങ്ങിയ ബിജുവിനു കാലിടറി. ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസ് പാട്ടുംപാടി ജയിച്ചുകയറിയപ്പോള്‍ സി.പി.എമ്മിനേറ്റ തിരിച്ചടി ചെറുതായിരുന്നില്ല.

അട്ടിമറിയിലൂടെ ആലത്തൂരെന്ന ചുവപ്പ് കോട്ടയില്‍ കടന്നുകയറി വെന്നിക്കൊടി പാറിച്ച സിറ്റിങ് എം.പി. രമ്യ ഹരിദാസിനെ തന്നെയാണ് ഇത്തവണയും യു.ഡി.എഫ്. രംഗത്തിറക്കിയിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ രമ്യ 2015ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ പ്രചരണ യോഗങ്ങളിലെല്ലാം രമ്യയുടെ പാട്ടും ചര്‍ച്ചയായിരുന്നു. ഇത്തവണ പാട്ട് അധികം വേണ്ടെന്ന വിധത്തില്‍ ചില നിര്‍ദേശങ്ങള്‍ ഉയര്‍ന്നതായി കേട്ടെങ്കിലും വോട്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ രമ്യ പാടാന്‍ മടിക്കാറില്ല.

എന്തുവിലകൊടുത്തും ആലത്തൂര്‍ കോട്ട തിരിച്ചുപിടിക്കണമെന്ന വാശിയിലാണു സി.പി.എം. അതിനാലാണു മന്ത്രി കെ. രാധാകൃഷ്ണനെ തന്നെ അങ്കത്തിനിറക്കിയത്. ചേലക്കരയില്‍നിന്നും 1996 ല്‍ ആദ്യമായി നിയമസഭയിലെത്തിയ രാധാകൃഷ്ണന്‍, പിന്നീട് ഇങ്ങോട്ട് 2001, 2006, 2011, 2021 വര്‍ഷങ്ങളിലും വിജയിച്ചു. 1996 ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി-വര്‍ഗ ക്ഷേമമന്ത്രിയായി. 2001ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 2006 ല്‍ നിയമസഭാ സ്പീക്കറായി. 2021 ല്‍ വീണ്ടും മന്ത്രി. ഇപ്പോള്‍ അതിനെല്ലാം അപ്പുറം ആലത്തൂര്‍ പിടിച്ചെടുക്കാനുള്ള നിയോഗം.

നിലനിര്‍ത്താനും തിരിച്ചുപിടിക്കാനുമായി യു.ഡി.എഫും എല്‍.ഡി.എഫും കളംനിറയുമ്പോള്‍ ആണ് എന്‍.ഡി.എ സ്ഥാനാർഥിയായി ഡോ. ടി. എൻ സരസു ടീച്ചർ മത്സരിക്കാൻ എത്തുന്നത്.